ഓസീസിനെതിരെ ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്
ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും വിജയിച്ച ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സാധ്യത സജീവമാക്കിയിരിക്കുകയാണ്. ദില്ലി ടെസ്റ്റില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയതോടെ ടീം ഇന്ത്യ മറ്റൊരു നേട്ടവും സ്വന്തമാക്കി. ഒരു വേദിയില്‍ തോല്‍വിയില്ലാതെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ. ദില്ലിയില്‍ 1993 മുതല്‍ 2023 വരെ ഇന്ത്യ ഒരു ടെസ്റ്റിലും തോറ്റിട്ടില്ല. 13 മത്സരങ്ങളാണ് തോല്‍വിയില്ലാതെ ഇവിടെ ഇന്ത്യ പൂര്‍ത്തായാക്കിയത്. മുംബൈയിലെ ബ്രബോണിലും(1948-65), മൊഹാലിയിലും(1997-2022) ഇന്ത്യ ഇതിന് മുമ്പ് തോല്‍വിയറിയാതെ 13 ടെസ്റ്റുകള്‍ തുടര്‍ച്ചയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഓസീസിനെതിരെ ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. 115 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ-263 & 113, ഇന്ത്യ-262 & 118/4. ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്ണിന്‍റെ ലീഡ് നേടിയ ഓസീസിന് രണ്ടാം ഇന്നിംഗ്‌സില്‍ 113 റണ്‍സേ നേടാനായുള്ളൂ. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.
ദില്ലിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉസ്‌മാന്‍ ഖവാജ(81), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(72) എന്നിവരുടെ കരുത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 263 റണ്‍സാണ് നേടിയത്. ഇന്ത്യക്കായി ഷമി നാലും അശ്വിനും ജഡേജയും മൂന്ന് വീതവും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ 139 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്‌ടമായിട്ടും അക്‌സര്‍ പട്ടേലും രവി അശ്വിനും ചേര്‍ന്ന 114 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ 262ല്‍ എത്തിച്ചു. അക്‌സര്‍ 74 ഉം അശ്വിന്‍ 37 ഉം നേടി. പിന്നാലെ ഒരു റണ്‍ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഓസീസ് മികച്ച തുടക്കം നേടിയെങ്കിലും ജഡേജ ഏഴും അശ്വിന്‍ മൂന്നും വിക്കറ്റുമായി 113ല്‍ എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 115 റണ്‍സ് വിജയലക്ഷ്യം നേടുകയും ചെയ്തു.
