ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഉമേഷ് യാദവിന്‍റെ പിതാവ് തിലക് യാദവ് അന്തരിച്ചത്
ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ഇന്‍ഡോറില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം തുടരുന്ന ഉമേഷ് യാദവിനെ ഇന്ത്യന്‍ മാനേജ്‌മെന്‍റ് തിരികെ വിളിച്ചിട്ടില്ല. പ്രത്യേക സാഹചര്യം പരിഗണിച്ച് ഉമേഷിന് മൂന്ന് ദിവസത്തെ അധിക അവധി ബിസിസിഐ നല്‍കി. ഇതോടെ അടുത്ത ആഴ്‌ച മാത്രമേ പേസര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരൂ. ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഉമേഷ് യാദവിന്‍റെ പിതാവ് തിലക് യാദവ് അന്തരിച്ചത്. 74-ാം വയസിലായിരുന്നു മരണം. രോഗങ്ങളുമായി മല്ലിടുകയായിരുന്ന അദേഹം നാഗ്‌പൂരില്‍ ചികില്‍സയിലിരിക്കേയാണ് മരണമടഞ്ഞത്. 'ഉമേഷ് യാദവിനെ സംബന്ധിച്ച് പ്രതിസന്ധി നിറഞ്ഞ സമയമാണിത്. ഉമേഷിനെ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നയാളും പ്രചോദനവുമായിരുന്നു അദേഹം. മൂന്നാം ടെസ്റ്റിനായി ഉമേഷ് ലഭ്യമായിരിക്കും. അടുത്ത ആഴ്‌ച ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്' എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. പിതാവിന്‍റെ മരണവിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ ഉമേഷ് യാദവ് ക്രിക്കറ്റ് ലോകത്തെ അറിയിച്ചിരുന്നു. അദേഹത്തിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബിസിസിഐ താരത്തിനും കുടുംബാഗങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിച്ചിരുന്നു. ഇന്‍ഡോറില്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നാലും ഉമേഷ് യാദവിനെ കളിപ്പിക്കുമോ എന്ന് വ്യക്തമല്ല.
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്.
ഓസീസിനെ വീണ്ടും ചാരമാക്കാന്‍ ഇന്ത്യന്‍ ടീം ഇന്‍ഡോറില്‍; പദ്ധതികള്‍ ഇങ്ങനെ
