പേസിനെ തുണയ്ക്കുന്ന ഇന്‍ഡോറിലെ പിച്ചില്‍ ടീം ഇന്ത്യ ഷമിക്കും സിറാജിനുമൊപ്പം ജയ്ദേവ് ഉനദ്‍കട്ട്, ഉമേഷ് യാദവ് എന്നിവരില്‍ ഒരാളെ കളിപ്പിച്ചേക്കും
ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്‍ഡോറിലെ ചുവന്ന പിച്ചിലേക്ക് ഉറ്റുനോക്കുകയാണ് ടീം ഇന്ത്യ. പേസും ബൗണ്‍സും ഉറപ്പായ ഇന്‍ഡോറില്‍ മൂന്നാം പേസറെ കളിപ്പിക്കാന്‍ ടീം ഇന്ത്യ ചിലപ്പോള്‍ തയ്യാറായേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് പേസർമാരായി കളിച്ചത്. എന്നാല്‍ ഇന്‍ഡോറില്‍ മൂന്നാം പേസറെ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ പുറത്തുപോകേണ്ടി വരിക പരമ്പരയില്‍ മിന്നും ഫോമിലുള്ള അക്സർ പട്ടേലാകും.
പേസിനെ തുണയ്ക്കുന്ന ഇന്‍ഡോറിലെ പിച്ചില്‍ ടീം ഇന്ത്യ ഷമിക്കും സിറാജിനുമൊപ്പം ജയ്ദേവ് ഉനദ്‍കട്ട്, ഉമേഷ് യാദവ് എന്നിവരില്‍ ഒരാളെ കളിപ്പിച്ചേക്കും. ഇതോടെ പുറത്തുപോകേണ്ടിവരിക അക്സർ പട്ടേലാകും. ടീമിലെ മറ്റ് സ്‍പിന്‍ ഓള്‍റൗണ്ടർമാരായ രവീന്ദ്ര ജഡേജയേയും രവിചന്ദ്രന്‍ അശ്വിനേയും പുറത്തിരുത്താന്‍ കഴിയില്ല. പരമ്പരയിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരാണ് ജഡേജയും അശ്വിനും. രണ്ട് മത്സരങ്ങളില്‍ ജഡേജയ്ക്ക് 17 ഉം അശ്വിന് 14 ഉം വിക്കറ്റാണ് സമ്പാദ്യം. ജഡേജ ഇതുവരെ 96 ഉം അശ്വിന് 60 ഉം റണ്‍സ് ഇതിനൊപ്പം നേടിയിട്ടുണ്ട്.
പുറത്താകുമോ അക്സർ
പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് അക്സർ പട്ടേല്‍. രണ്ട് ഇന്നിംഗ്സില്‍ നിന്നാണ് അക്സർ 158 റണ്‍സ് അടിച്ചുകൂട്ടിയത്. ബാറ്റിംഗ് ശരാശരി 79. ഇതിനൊപ്പം ഒരു വിക്കറ്റും അക്സർ സ്വന്തമാക്കി. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ 174 പന്തില്‍ 84 റണ്‍സ് നേടിയ അക്സറിന്‍റെ ഇന്നിംഗ്സ് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മത്സരം ഇന്നിംഗ്സിനും 132 റണ്‍സിനും ഇന്ത്യ വിജയിച്ചു. ദില്ലിയിലെ രണ്ടാം ടെസ്റ്റിലും അക്സർ ഫിഫ്റ്റി നേടി. 115 പന്തില്‍ 74 റണ്‍സായിരുന്നു സമ്പാദ്യം. ദില്ലിയില്‍ ആറ് വിക്കറ്റിന് വിജയിച്ചതോടെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനുള്ള അവസരം അക്സറിന് ലഭിച്ചില്ല.
ഓസീസിന് ഇത് സുവർണാവസരം; ഇന്‍ഡോറിലെ പിച്ച് ഇന്ത്യയെ ചതിക്കുമോ?
