ഇന്‍ഡോർ ടെസ്റ്റിനായി ചുവന്ന മണ്ണുകൊണ്ടുള്ള പിച്ചാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറാക്കിയിരിക്കുന്നത്
ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനായി ഇന്‍ഡോറിലെ പിച്ച് തയ്യാറായിക്കഴിഞ്ഞു. നാഗ്‍പൂരിലും ദില്ലിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിലും ഓസ്ട്രേലിയയെ ടീം ഇന്ത്യ സ്‍പിന്‍ കെണിയില്‍ തരിപ്പണമാക്കിയപ്പോള്‍ ഇന്‍ഡോറില്‍ എന്താണ് സന്ദർശകരെ കാത്തിരിക്കുന്നത്. ടീം ഇന്ത്യയെ സംബന്ധിച്ചും ഇന്‍ഡോർ ടെസ്റ്റിലെ ഫലം നിർണായകമാണ്. ഇന്‍ഡോറില്‍ ജയിച്ചാല്‍ കൂടുതല്‍ കാത്തിരിപ്പുകളില്ലാതെ ഇന്ത്യന്‍ ടീമിന് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാം.
ഇന്‍ഡോർ ടെസ്റ്റിനായി ചുവന്ന മണ്ണുകൊണ്ടുള്ള പിച്ചാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. മുംബൈയില്‍ നിന്ന് എത്തിച്ച മണ്ണ് കൊണ്ടാണ് പിച്ച് നിർമാണം. അതിനാല്‍ മികച്ച പേസും ബൗൺസും ഇന്‍ഡോറില്‍ പ്രതീക്ഷിക്കാം. മുംബൈയില്‍ സമാനമായ ചുവന്ന പിച്ചുകളില്‍ കളിച്ച് പരിചയമുള്ളത് ഓസീസ് താരങ്ങള്‍ക്ക് സഹായകമായേക്കും. പരിക്ക് മാറി സ്റ്റാർ പേസർ മിച്ചല്‍ സ്റ്റാർക്കും പേസ് ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനും പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തും എന്നതിനാല്‍ ഓസീസിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഇന്‍ഡോറില്‍ തയ്യാറാക്കിയിരിക്കുന്ന പിച്ച്. ഓസീസിന് പരമ്പരയില്‍ ജയിക്കാനുള്ള സുവർണാവസരം ഇന്‍ഡോറിലെ മത്സരമാകും. ബൗണ്‍സുള്ള പിച്ചുകളില്‍ കളിച്ച് ശീലിച്ചവരാണ് ഓസീസ് ടീം. എങ്കിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്‍റെ അഭാവം തിരിച്ചടിയാവും.
മാത്രമല്ല, കഴിഞ്ഞ രണ്ട് ടെസ്റ്റുകളേ അപേക്ഷിച്ച് ഓസീസ് ബാറ്റർമാർക്ക് കൂടുതല്‍ സഹായകമാകുന്ന പിച്ച് കൂടിയാവും ഇന്‍ഡോറിലേത്. ഇവിടുത്ത ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോർ 353 ആണ്. മൂന്നാം ദിനം മുതല്‍ പിച്ച് സ്പിന്നിനെ പിന്തുണച്ച് തുടങ്ങും. ആദ്യ രണ്ട് ടെസ്റ്റുകളും മൂന്ന് ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍ 52 വിക്കറ്റുകളാണ് സ്‍പിന്നർമാർ കൈക്കലാക്കിയത്. ഇന്‍ഡോറില്‍ അവസാനം നടന്ന ടെസ്റ്റില്‍ മായങ്ക് അഗർവാള്‍ ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യന്‍ പേസർമാർ മൂന്ന് ദിനം കൊണ്ട് ബംഗ്ലാദേശിനെ എറിഞ്ഞിട്ടിരുന്നു. മാർച്ച് 1നാണ് ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് ഇന്‍ഡോറിലെ ഹോള്‍ക്കർ സ്റ്റേഡിയത്തില്‍ ആരംഭിക്കുക.
വനിതാ ടി20 ലോകകപ്പിലെ മികച്ച ഇലവനില്‍ ഒരേയൊരു ഇന്ത്യന്‍ താരം; സ്‍മൃതി മന്ദാന പുറത്ത്
