രാജ്യാന്തര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി ആർ അശ്വിന്‍

ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം മൂന്ന് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍ വീഴ്ത്തിയത്. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സ് 197 റണ്‍സില്‍ അവസാനിച്ചപ്പോള്‍ പീറ്റർ ഹാന്‍ഡ്‍സ്‍കോമ്പ്, അലക്സ് ക്യാരി, നേഥന്‍ ലിയോണ്‍ എന്നിവരെയാണ് അശ്വിന്‍ പുറത്താക്കിയത്. ഇതോടെ ഒരു നാഴികക്കല്ലിലെത്തി ആർ അശ്വിന്‍. 

രാജ്യാന്തര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി ആർ അശ്വിന്‍. ഇന്ത്യന്‍ മുന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവിനെ മറികടന്ന അശ്വിന് മുന്നില്‍ ഇനി ഹർഭജന്‍ സിംഗും അനില്‍ കുംബ്ലെയും മാത്രമേയുള്ളൂ. ഇന്നത്തെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ അശ്വിന് 689 വിക്കറ്റുകളായി. കപില്‍ ദേവിനുണ്ടായിരുന്നത് 687 വിക്കറ്റുകളും. ഹർഭജന്‍ സിംഗ് 707 ഉം അനില്‍ കുംബ്ലെ 953 ഉം വിക്കറ്റുകളുമായാണ് മുന്നില്‍ നില്‍ക്കുന്നത്. മുപ്പത്തിയാറുകാരനായ ആർ അശ്വിന് ഇവരില്‍ ഹർഭജനെ എന്തായാലും മറികടക്കാന്‍ കഴിയും എന്നുറപ്പാണ്. കപില്‍ ദേവ് 356 മത്സരങ്ങളില്‍ നിന്ന് നേടിയ വിക്കറ്റുകള്‍ മറികടക്കാന്‍ അശ്വിന് 269 കളികളേ വേണ്ടിവന്നുള്ളൂ എന്നതാണ് യാഥാർഥ്യം. 

സ്റ്റെയ്ന്‍റെ റെക്കോർഡ് കടപുഴകും...

ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‍ല്‍ സ്റ്റെയ്ന്‍റെ 699 വിക്കറ്റുകളുടെ നേട്ടം തകർക്കുന്നതിന് തൊട്ടരികിലെത്തി ഇതോടെ അശ്വിന്‍. രാജ്യാന്തര വിക്കറ്റ് വേട്ടക്കാരില്‍ 17-ാം സ്ഥാനക്കാരനാണ് സ്റ്റെയ്ന്‍. 1347 വിക്കറ്റുകളുമായി ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് തലപ്പത്ത്. 1001 വിക്കറ്റുകളുമായി ഷെയ്ന്‍ വോണ്‍ രണ്ടാമതും 972 വിക്കറ്റുമായി ഇംഗ്ലണ്ട് വെറ്ററന്‍ പേസർ ജിമ്മി ആന്‍ഡേഴ്സണ്‍ മൂന്നാമതും നില്‍ക്കുന്നു. 956 വിക്കറ്റുകളുമായി കുംബ്ലെ നാലാമതുണ്ട്. 949 വിക്കറ്റുകളുമായി ഗ്ലെന്‍ മഗ്രാത്താണ് തൊട്ടുപിന്നില്‍. 

ഓസീസിന്‍റെ ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നേടിയതോടെ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് സമ്പാദ്യം 500ലെത്തി. ഈ നാഴികക്കല്ല് പിന്നിടുന്ന ഏഴാം താരമാണ് ഇന്ത്യന്‍ ജഡ്ഡു. കുംബ്ലെ, ഹർഭജന്‍, അശ്വിന്‍, കപില്‍ ദേവ് എന്നിവർക്ക് പുറമെ സഹീർ ഖാന്‍(597), ജവഗല്‍ ശ്രീനാഥ്(551) എന്നിവരാണ് 500 വിക്കറ്റ് നാഴികക്കല്ല് രാജ്യാന്തര ക്രിക്കറ്റില്‍ പൂർത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍. 298 മത്സരങ്ങളില്‍ ജഡേജയ്ക്ക് നിലവില്‍ 503 വിക്കറ്റുകളായി.

ഇതൊക്കെയാണ് കോലിക്ക് മാത്രം കഴിയുന്നത്; കാണാം ഓസീസിന്‍റെ കിളി പാറിച്ച ഷോട്ട്