വിരാട് കോലിയുടെ കൂർമ്മബുദ്ധിയും ടൈമിംഗും വ്യക്തമാക്കുന്നതായി ഈ ഷോട്ട്

ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ രണ്ട് ഇന്നിംഗ്സിലും ബാറ്റിംഗ് ദുരന്തമായപ്പോള്‍ വിരാട് കോലിക്കും തിളങ്ങാനായില്ല. ഇന്‍ഡോറില്‍ മാരക ടേണും അപ്രതീക്ഷിത ബൗണ്‍സറുകളും ഡിപ്പുകളും ബാറ്റർമാരെ കുടുക്കുകയായിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 52 പന്തുകള്‍ നേരിട്ട കോലിയും വന്‍ പരീക്ഷണങ്ങള്‍ നേരിട്ടു. ഓസീസ് സ്പിന്നർ മാത്യൂ കുനെമാന്‍റെ പന്തായിരുന്നു ഇതിലൊന്ന്. ഇന്ത്യന്‍ ഇന്നിംഗ്സിലെ 19-ാം ഓവറിലെ രണ്ടാം പന്തില്‍ പന്ത് അപ്രതീക്ഷിതമായി കുത്തിയുയരുകയും ടേണ്‍ ചെയ്യുകയും കണ്ടപ്പോള്‍ അപ്പർ കട്ട് ശൈലിയില്‍ ലെയ്റ്റ് കട്ടിലുടെ ബൗണ്ടറി നേടുകയായിരുന്നു കോലി.

വിരാട് കോലിയുടെ കൂർമ്മബുദ്ധിയും ടൈമിംഗും വ്യക്തമാക്കുന്നതായി ഈ ഷോട്ട്. ഇതുകണ്ട് ഓസീസ് താരങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. കോലിയുടെ അപ്രതീക്ഷത ഷോട്ട് സ്ലിപ് ഫീള്‍ഡർ സ്റ്റീവ് സ്മിത്തിനും വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്കും എത്തിപ്പിടിക്കാനായില്ല. കട്ട് ഷോട്ട് കളിക്കാനായി ആദ്യം ബാറ്റെടുത്ത കോലി ലേയ്റ്റ് കട്ടിലൂടെ പന്ത് സ്ലിപ്പിന് മുകളിലൂടെ കടത്തിവിടുകയായിരുന്നു. കോലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്നാണ് ഇത് എന്നാണ് ആരാധകർ പ്രശംസിക്കുന്നത്.

Scroll to load tweet…

ഓസ്ട്രേലിയക്ക് എതിരായ ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടു. ആദ്യ ഇന്നിംഗ്സിൽ 88 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 163 റൺസിന് പുറത്തായി. 59 റൺസെടുത്ത ചേതേശ്വർ പുജാരയ്ക്ക് മാത്രമേ അൽപമെങ്കിലും പൊരുതിനിൽക്കാനായുള്ളൂ. നേഥൻ ലിയൺ എട്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് ദിവസം അവശേഷിക്കേ 76 റൺസാണ് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം. രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും 30 വിക്കറ്റാണ് വീണത്. നാല് വിക്കറ്റിന് 156 റൺസ് എന്ന നിലയിൽ രണ്ടാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് ആദ്യ ഇന്നിംഗ്സിൽ 189 റൺസിന് പുറത്തായി. 12 റൺസിനിടെ ഓസീസിന് അവസാന ആറ് വിക്കറ്റ് നഷ്ടമായി. 

ഒരു സെക്കന്‍ഡ് പോലും വേണ്ടിവന്നില്ല! പരമ്പരയിലെ ഏറ്റവും മികച്ച ക്യാച്ചുമായി സ്‍മിത്ത്- വീഡിയോ