ഈ സമയം 33 പന്തില്‍ 5 റണ്‍സ് എന്ന നിലയിലായിരുന്ന ലിയോണ്‍ 96 പന്തില്‍ 34 റണ്‍സുമായാണ് മടങ്ങിയത്
അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ആശങ്കപടർത്തി ഇന്ത്യന്‍ പേസർ ഉമേഷ് യാദവിന്‍റെ ബൗണ്‍സർ. ഉമേഷിന്‍റെ പന്ത് ഓസീസ് താരം നേഥന്‍ ലിയോണിന്‍റെ ഹെല്‍മറ്റില്‍ പതിഞ്ഞപ്പോള്‍ തലയില്‍ പന്ത് കൊണ്ട പാട് പിന്നീട് കാണാനായി. ഓസീസ് ഇന്നിംഗ്സിലെ 145-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ സംഭവം. ഉടന്‍ മൈതാനത്തെത്തിയ ടീം ഫിസിയോ ലിയോണിനെ പരിശോധിച്ചു. ലിയോണിന്‍റെ കണ്‍കഷന്‍ പരിശോധനയ്ക്കായി കുറച്ച് സമയനഷ്ടമുണ്ടായി. ഈ സമയം 33 പന്തില്‍ 5 റണ്‍സ് എന്ന നിലയിലായിരുന്ന ലിയോണ്‍ 96 പന്തില്‍ 34 റണ്‍സുമായാണ് മടങ്ങിയത്. രവിചന്ദ്രന്‍ അശ്വിനായിരുന്നു ലിയോണിന്‍റെ വിക്കറ്റ്.
വാലറ്റത്ത് നേഥന്‍ ലിയോണും ടോഡ് മർഫിയും പൊരുതിയപ്പോള്‍ ഓപ്പണർ ഉസ്മാന്‍ ഖവാജയുടെയും ഓള്‍റൗണ്ടർ കാമറൂണ്‍ ഗ്രീനിന്‍റേയും സെഞ്ചുറിക്കരുത്തില്‍ ഓസീസ് കൂറ്റന്‍ സ്കോർ ഒന്നാം ഇന്നിംഗ്സില്‍ പടുത്തുയർത്തി എന്നതാണ് ശ്രദ്ധേയം. ഓസീസ് 167.2 ഓവറില്‍ 480 റണ്‍സടിച്ചുകൂട്ടി. ഖവാജ 422 പന്ത് നേരിട്ട് 180 റണ്‍സ് നേടിയപ്പോള്‍ അദേഹത്തിനൊപ്പം 150 റണ്‍സിലേറെ കൂട്ടുകെട്ടുമായി കാമറൂണ്‍ ഗ്രീനും ഗംഭീരമാക്കി. ഗ്രീന്‍ 170 പന്തില്‍ 114 റണ്‍സെടുത്തു. ഗ്രീനിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്.
രവിചന്ദ്രന്‍ അശ്വിന്‍റെ ആറ് വിക്കറ്റ് നേട്ടത്തിനും മുഹമ്മദ് ഷമിയുടെ രണ്ട് വിക്കറ്റിനും രവീന്ദ്ര ജഡേജ, അക്സർ പട്ടേല്‍ എന്നിവരുടെ ഓരോ വിക്കറ്റിനും ഓസീസിന്‍റെ റണ്‍മല കെട്ടിനെ തടയാനായില്ല. അഹമ്മദാബാദില്‍ 47.2 ഓവറില്‍ 91 റണ്‍സ് വിട്ടുകൊടുത്താണ് ആർ അശ്വിന്‍ ആറ് ഓസീസ് ബാറ്റർമാരെ മടക്കിയത്. ട്രാവിഡ് ഹെഡ്(32), മാർനസ് ലബുഷെയ്ന്‍(3), സ്റ്റീവന്‍ സ്മിത്ത്(38), പീറ്റർ ഹാന്‍ഡ്സ്കോമ്പ്(17), അലക്സ് ക്യാരി(0), മിച്ചല്‍ സ്റ്റാർക്ക്(6), ടോസ് മർഫി(41), മാത്യൂ കുനെമാന്‍(0*) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ സ്കോർ.
ഇഞ്ചോടിഞ്ച് പോരാട്ടം; ലിയോണിന്‍റെ സുവർണ നേട്ടത്തിനൊപ്പം അശ്വിന്‍
