ഓസീസ് ആദ്യദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എന്ന നിലയില്‍ സ്റ്റംപ് എടുത്തപ്പോള്‍ അവസാന 9 ഓവറില്‍ 54 റണ്‍സാണ് ഖവാജയും ഗ്രീനും ചേർന്ന് നേടിയത്

അഹമ്മദാബാദ്: അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്ട്രേലിയ പിടിമുറുക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ വിമർശനവുമായി മുന്‍ താരം രവി ശാസ്ത്രി. ആദ്യ ദിനത്തിന്‍റെ അവസാനം ന്യൂബോള്‍ എടുത്തതാണ് ശാസ്ത്രിയെ ചൊടുപ്പിച്ചത്. രോഹിത്തിന്‍റേത് മോശം തീരുമാനം ആണെന്ന് തുറന്നടിച്ച് സുനില്‍ ഗാവസ്കറും രംഗത്തെത്തി. ഇന്ത്യക്ക് രണ്ട് വിക്കറ്റ് വേഗം കിട്ടിയ ശേഷം ഉസ്‍മാന്‍ ഖവാജയും കാമറൂണ്‍ ഗ്രീനും കൂട്ടുകെട്ടിന് തുടക്കമിടാന്‍ ശ്രമിക്കവേ ആദ്യ ദിനം ചായക്ക് ശേഷം 81-ാം ഓവറില്‍ ന്യൂബോള്‍ എടുക്കുകയായിരുന്നു ഹിറ്റ്മാന്‍ ചെയ്തത്. എന്നാല്‍ രോഹിത്തിന്‍റെ തീരുമാനം തിരിച്ചടിക്കുകയും ഗ്രീന്‍ വേഗം സ്കോർ ചെയ്യുകയും ചെയ്തിരുന്നു. 

ഓസീസ് ആദ്യദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എന്ന നിലയില്‍ സ്റ്റംപ് എടുത്തപ്പോള്‍ അവസാന 9 ഓവറില്‍ 54 റണ്‍സാണ് ഖവാജയും ഗ്രീനും ചേർന്ന് നേടിയത്. ഇതിലേറെ റണ്‍സും ഗ്രീനിന്‍റെ സംഭാവനയായിരുന്നു. ഉമേഷ് യാദവിന്‍റെയും മുഹമ്മദ് ഷമിയുടേയും പ്രായം വച്ച് നോക്കുമ്പോള്‍ ന്യൂബോള്‍ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്നാണ് ശാസ്ത്രിയുടെ വിമർശനം. 

'ഇന്ത്യ കഴിഞ്ഞ ദിവസം കളിയുടെ നിയന്ത്രണം നഷ്ടമാക്കി. ഉമേഷിന് 35 വയസുള്ള സാഹചര്യത്തില്‍ ന്യൂബോള്‍ എടുത്ത തീരുമാനം തെറ്റി. ഷമിയും ചെറുപ്പക്കാരനല്ല. അവരേറെ പന്തെറിഞ്ഞു. അവർ ക്ഷീണിതരായിരുന്നു. ന്യൂബോള്‍ കുറച്ച് കൂടി നേരത്തെ എടുക്കാമായിരുന്നെങ്കില്‍ പ്രയോജനപ്പെടുമായിരുന്നു. ഇത്തരമൊരു പിച്ചില്‍ എങ്ങനെ വിക്കറ്റ് നേടണമെന്ന് ക്യാപ്റ്റന്‍ ചിന്തിക്കണമായിരുന്നു. ഉള്ള താരങ്ങളെ മികച്ച നിലയില്‍ പ്രയോജനപ്പെടുത്തണമായിരുന്നു. വിദേശത്തും ഇന്ത്യയിലും നയിക്കേണ്ടത് വ്യത്യസ്ത രീതിയിലാണ്' എന്നും രവി ശാസ്ത്രി അഹമ്മദാബാദ് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലെ കമന്‍ററിക്കിടെ പറഞ്ഞു. 

ആദ്യ ദിനത്തിനൊടുവില്‍ ന്യൂബോള്‍ എടുത്ത രോഹിത്തിന്‍റെ തീരുമാനം പാളിയപ്പോള്‍ രണ്ടാം ദിനവും സ്കോറിംഗ് തുടർന്നു ഉസ്മാന്‍ ഖവാജയും കാമറൂണ്‍ ഗ്രീനും. ഇരുവരും ഓസീസിനെ 480 റണ്‍സിലെത്തിച്ചു. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114 ഉം റണ്‍സ് സ്വന്തമാക്കി. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍റെ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമിക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. എന്നാല്‍ ഉമേഷിന് വിക്കറ്റൊന്നും നേടാനായില്ല. 

അഹമ്മദാബാദിലെ പിച്ച് നാടകം; ക്യുറേറ്റർക്കെതിരെ രൂക്ഷ വിമർശനവുമായി മാർക്ക് വോ