പിച്ച് വിവാദങ്ങള്‍ തുടരുമ്പോഴും അഹമ്മദാബാദില്‍ ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ അവസാന ടെസ്റ്റ് പുരോഗമിക്കുകയാണ്
അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിലെ നാലാം ടെസ്റ്റിനായി അഹമ്മദാബാദില്‍ ഒരുക്കിയ പിച്ചുകളെ കുറിച്ച് നേരത്തെ വിവാദമുയർന്നിരുന്നു. ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ രണ്ട് പിച്ചുകളാണ് അഹമ്മദാബാദില്‍ തയ്യാറാക്കിയിരുന്നത്. ഇതില്‍ ഏത് പിച്ചിലാവും മത്സരം നടക്കുക എന്ന സസ്പെന്‍സ് അവസാനം വരെ ക്യുറേറ്റർ കാത്തുസൂക്ഷിച്ചു. മത്സരത്തിന്‍റെ തൊട്ടുതലേന്ന് പോലും തീരുമാനം പുറത്തുവന്നില്ല. ഇതിന് പിന്നാലെ അഹമ്മദാബാദ് ക്യുറേറ്ററെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് മുന്‍ താരവും കമന്‍റേറ്ററുമായ മാർക്ക് വോ. ഇന്ത്യന്‍ ടീമിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കങ്ങളെന്ന് ബ്രാഡ് ഹാഡിനും വിമർശിച്ചു.
ഇങ്ങനെയല്ല കാര്യങ്ങള്‍ നടക്കേണ്ടത്. ഏത് പിച്ചിലാണ് കളിക്കുന്നത് എന്ന് അറിയാത്തത് എന്തുകൊണ്ടാണ് എന്നറിയില്ല. ഓസ്ട്രേലിയയില്‍ ഗ്രൗണ്ട്സ്‍മാനും ക്യുറേറ്ററും മാസങ്ങള്‍ക്ക് മുമ്പേ ഏത് പിച്ചിലാണ് മത്സരങ്ങള്‍ നടക്കുക എന്നറിയിക്കും. അതിനാല്‍ മൈതാനത്തെ ക്യാമറ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാം. എന്നാല്‍ ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അറിയില്ല. ഇതില്‍ തീരുമാനങ്ങളുണ്ടാവണം. കൗണ്ടി ക്രിക്കറ്റിലെ പോലെയാണ് ഇവിടെ. അവിടെ മൂന്ന് പിച്ചുകളുണ്ടാക്കും. എതിർ ടീമിന് അനുസരിച്ച് വേണ്ട പിച്ച് തെരഞ്ഞെടുക്കുകയാണ് പതിവ് എന്നും വോ വിമർശിച്ചു.
പിച്ച് വിവാദങ്ങള്‍ തുടരുമ്പോഴും അഹമ്മദാബാദില്‍ ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ അവസാന ടെസ്റ്റ് പുരോഗമിക്കുകയാണ്. ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സിന് മറുപടിയായി ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം പിരിഞ്ഞു. രോഹിത് ശർമ്മ 17 ഉം ഗില്‍ 18 ഉം റണ്‍സുമായി നാളെ ബാറ്റിംഗ് പുനരാരംഭിക്കും. നേരത്തെ രവിചന്ദ്രന്‍ അശ്വിന്‍റെ ആറ് വിക്കറ്റ് നേട്ടത്തിനിടയിലും ഓസ്ട്രേലിയ 167.2 ഓവറില്‍ 480 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. 422 പന്ത് നേരിട്ട് 180 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുടെ തകർപ്പന്‍ ഇന്നിംഗ്സാണ് സന്ദർശകർക്ക് കരുത്തായത്. കാമറൂണ്‍ ഗ്രീന്‍ 170 പന്തില്‍ 114 റണ്‍സെടുത്തു. ഗ്രീനിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്. അശ്വിന്‍റെ ആറിന് പുറമെ പേസർ മുഹമ്മദ് ഷമി രണ്ടും സ്പിന്നർമാരായ രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ഓരോ വിക്കറ്റും നേടി.
