രാഹുലിനെതിരെ വിമര്‍ശനം ശക്തമായിരിക്കേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സെലക്‌ടറും ടീം നായകനുമായിരുന്ന കെ ശ്രീകാന്ത്

ദില്ലി: നിലവിലെ ഫോമില്‍ കെ എല്‍ രാഹുലിനെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തണമെന്ന് വാദിക്കുന്നവര്‍ വിരളമായിരിക്കും. കാരണം, കഴിഞ്ഞ ഒരു വര്‍ഷക്കാലം അതിദയനീയ പ്രകടനമാണ് രാഹുല്‍ തുടരുന്നത്. ഇതിനിടയിലും ഓസ്ട്രേലിയക്ക് എതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമില്‍ രാഹുലിനെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ വിമര്‍ശനം ശക്തമായിരിക്കേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സെലക്‌ടറും ടീം നായകനുമായിരുന്ന കെ ശ്രീകാന്ത്. 

'കെ എല്‍ രാഹുലിന്‍റെ ക്രിക്കറ്റിന്‍റെ ആരാധകനാണ് ഞാന്‍. ഞാനയാളെ റോള്‍സ് റോയ്‌സ് രാഹുല്‍ എന്നാണ് വിശേഷിപ്പിക്കാറ്. എന്നാല്‍ ആ മികവ് രാഹുലിന് ഇപ്പോഴില്ല. ഞാനാണിപ്പോള്‍ മുഖ്യ സെലക്‌ടര്‍ എങ്കില്‍ രാഹുലിനോട് ഒരു ഇടവേളയെടുക്കാന്‍ ആവശ്യപ്പെടുമായിരുന്നു. രാഹുലിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടേ. ശുഭ്‌മാന്‍ ഗില്ലിനെ കളിപ്പിക്കാനുള്ള അവസരമാണിത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ഒരു താരത്തോട് കാത്തിരിക്കാന്‍ പറയാന്‍ ഒരിക്കലും കഴിയില്ല. രാഹുലിന്‍റെ സാങ്കേതിക പിഴവുകള്‍ ഇപ്പോള്‍ പറയാന്‍ താല്‍പര്യമില്ല. മാനസികമായ ബുദ്ധിമുട്ടാണ് രാഹുല്‍ നേരിടുന്നത്. ഒരു ഇടവേളയെടുത്താന്‍ മാറുന്ന പ്രശ്‌നമേയുള്ളൂ അത്, രാഹുല്‍ അതിശക്തമായി ഫോമിലേക്ക് മടങ്ങിയെത്താതിരിക്കാന്‍ മാത്രമുള്ള കാരണങ്ങളൊന്നുമില്ല' എന്നും കൃഷ്‌ണമാചാരി ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. 

ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കെ എല്‍ രാഹുലിനെ നീക്കിയെങ്കിലും ഓസീസിനെതിരെയുള്ള അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ താരത്തെ നിലനിര്‍ത്തുകയായിരുന്നു. അവസാന 10 ഇന്നിംഗ്‌സുകളില്‍ 23 ആണ് കെ എല്‍ രാഹുലിന്‍റെ ഉയര്‍ന്ന സ്കോര്‍. താരത്തിന് ഇതുവരെ 30+ സ്കോര്‍ കണ്ടെത്താനായിട്ടില്ല. 8, 12, 10, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയായിരുന്നു അവസാന പത്ത് ഇന്നിംഗ്‌സുകളിലെ സ്കോറുകള്‍. ഓസീസിനെതിരെ നാഗ്‌പൂരിലും ദില്ലിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ 20, 17, 1 എന്നിങ്ങനെയാണ് രാഹുലിന്‍റെ സ്കോര്‍. ഇന്‍ഡോറിലും അഹമ്മദാബാദിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുലിന് പകരം ശുഭ്‌മാന്‍ ഗില്ലിനെ കളിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. 

വീ മിസ്‌ യൂ ലെജന്‍ഡ്...സാനിയ മിര്‍സയുടെ ഐതിഹാസിക കരിയറിന് വിരാമം