ഈ പ്രതിസന്ധി ഘട്ടത്തില്‍ പാറ്റ് കമ്മിന്‍സിന് സഹതാരങ്ങളെല്ലാം പൂർണ പിന്തുണ നല്‍കുന്നത് ശ്രദ്ധേയമാണ്

സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ പാറ്റ് കമ്മിന്‍സിന് ഇന്ത്യക്കെതിരായ നാലാം ടെസ്റ്റും ഏകദിന പരമ്പര കൂടിയും നഷ്ടമാകാനിട. അർബുദബാധിതയായ അമ്മയുടെ ചികില്‍സയ്ക്കായാണ് ബോർഡർ-ഗാവസ്കർ ട്രോഫിക്കിടെ കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. മാർച്ച് ഒന്നിന് ഇന്‍ഡോറില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം കളിക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. പാറ്റ് കമ്മിന്‍സിന് എല്ലാവിധ പിന്തുണയും നല്‍കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയും സഹതാരങ്ങളും. അമ്മയുടെ രോഗ കാരണങ്ങളാല്‍ ഐപിഎല്‍ 2023ല്‍ നിന്ന് കമ്മിന്‍സ് പിന്‍മാറിയിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ പാറ്റ് കമ്മിന്‍സിന് സഹതാരങ്ങളെല്ലാം പൂർണ പിന്തുണ നല്‍കുന്നത് ശ്രദ്ധേയമാണ്. 'ഏത് തൊഴിലിടത്തിലും ബിസിനസിലായാലും കുടുംബത്തിനാണ് പ്രഥമ പരിഗണന. എന്തെങ്കിലും സംഭവിച്ചാല്‍ വീട്ടിലെത്താന്‍ കഴിയണം' എന്നും ഓസീസ് ടീം ഇന്‍ഡോറിലേക്ക് തിരിക്കും മുമ്പ് പീറ്റർ ഹാന്‍ഡ്സ്കോമ്പ് പറഞ്ഞു. സഹതാരങ്ങളോട് ആലോചിച്ച ശേഷമാണ് പാറ്റ് കമ്മിന്‍സ് വീട്ടിലേക്ക് മടങ്ങിയത്. ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റിനായി മടങ്ങിവരാന്‍ അവസരമുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് വീട്ടില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു ഓസീസ് സൂപ്പർ താരം.

നാല് ടെസ്റ്റുകളുടെ ബോർഡർ-ഗാവസ്കർ ട്രോഫിക്ക് ശേഷം ഇന്ത്യക്കെതിരെ മൂന്ന് ഏകദിനങ്ങളും ഓസീസിന് കളിക്കാനുണ്ട്. ഏകദിന നായകപദവിയും അടുത്തിടെ കമ്മിന്‍സ് ഏറ്റെടുത്തിരുന്നു. പാറ്റിന്‍റെ അഭാവത്തില്‍ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ സ്റ്റീവ് സ്മിത്താവും ഓസീസിനെ നയിക്കുക. നിലവില്‍ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ടീം ഇന്ത്യ 2-0ന് മുന്നില്‍ നില്‍ക്കുകയാണ്. മാർച്ച് ഒന്ന് മുതല്‍ ഇന്‍ഡോറില്‍ മൂന്നാം ടെസ്റ്റ് തുടങ്ങുമ്പോള്‍ 9 മുതല്‍ അഹമ്മദാബാദിലാണ് അവസാന മത്സരം. മാർച്ച് 17ന് മുംബൈയിലും 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലുമാണ് ഇന്ത്യ-ഓസീസ് ഏകദിന മത്സരങ്ങള്‍. 

മൂന്നാം ടെസ്റ്റിനുള്ള ഓസീസ് സ്ക്വാഡ്: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റർ ഹാന്‍സ്‍കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാർനസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മർഫി, മിച്ചല്‍ സ്റ്റാർക്ക്, മാറ്റ് കുനെമാന്‍. 

ആദ്യം ബാറ്റൊടിച്ചു, പിന്നെ സ്റ്റംപ് പിഴുതു! ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവര്‍ സംഭവബഹുലം- വീഡിയോ