നാഗ്‌പൂരിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ പോയിന്‍റ് ശരാശരി ഉയര്‍ത്താന്‍ ടീം ഇന്ത്യക്കായി

നാഗ്‌‌പൂര്‍: അഭിമാനമായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തുക മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇടംപിടിക്കാന്‍ കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയത്. നാഗ്‌പൂരിലെ ആദ്യ മത്സരത്തില്‍ തന്നെ കൂറ്റന്‍ ജയവുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ ടീം ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. നാഗ്‌പൂരില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ പോയിന്‍റ് ശരാശരി ഉയര്‍ത്താന്‍ ടീം ഇന്ത്യക്കായി. മത്സരത്തിന് ഇറങ്ങുമ്പോള്‍ 58.92ലായിരുന്ന ഇന്ത്യ നാഗ്‌‌പൂരിലെ ത്രില്ലര്‍ ജയത്തോടെ 61.66ലെത്തി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ ടീം ഇന്ത്യയുടെ 9-ാം ജയമാണിത്. അതേസമയം പട്ടികയില്‍ തലപ്പത്തുള്ള ഓസീസിന് നാഗ്‌പൂരിലെ തോല്‍വിയോടെ പോയിന്‍റ് ശരാശരി 75.55ല്‍ നിന്ന് 70.83ലേക്ക് താണു. 10 ടെസ്റ്റില്‍ അഞ്ച് ജയവുമായി 53.33 പോയിന്‍റ് ശരാശരിയുള്ള ശ്രീലങ്കയാണ് മൂന്നാമത്. ന്യൂസിലന്‍ഡിന് എതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ ജയിച്ചാല്‍ ലങ്കയ്ക്കും 60+ പോയിന്‍റ് ശരാശരിയുണ്ടാകും. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 3-1ന് വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ഓസീസിനൊപ്പം ഫൈനലിന് യോഗ്യത നേടാം. ഇതോടെ ഇന്ത്യയുടെ പോയിന്‍റ് ശരാശരി 61.92ലെത്തും. ശ്രീലങ്കയ്ക്ക് പരമാവധി ഇനി നേടാനാവുക 61.11 പോയിന്‍റുകളാണ്. 

ഓസീസിനെതിരായ പരമ്പര 2-2ന് സമനിലയിലായാലും ലങ്കയുടെ മത്സരഫലം അനുസരിച്ച് ഇന്ത്യക്ക് ഫൈനലിന് യോഗ്യതാ നേടാവുന്നതാണ്. ന്യൂസിലന്‍ഡിനെതിരെ ലങ്ക തോല്‍ക്കണമെന്ന് മാത്രം. അതേസമയം 3-0നോ 4-0നോ പരമ്പരയില്‍ വിജയിച്ചാല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫൈനലിലെത്തും. ഇങ്ങനെ വന്നാല്‍ ഓസീസും ലങ്കയും തമ്മിലാവും രണ്ടാം സ്ഥാനത്തിനായി മത്സരം. അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ കങ്കാരുക്കള്‍ വിജയമോ സമനിലയോ ലഭിക്കാതെ വന്നാല്‍ ന്യൂസിലന്‍ഡിനെ 2-0ന് കീഴടക്കിയാല്‍ ഓസീസിനെ മറികടന്ന് ലങ്കയാവും ഫൈനലിലെത്തുക. 

ഹമ്മോ എന്തൊരു റെക്കോര്‍ഡ്; ഓസീസ് തോറ്റെങ്കിലും ലിയോണിന് അപൂര്‍വ നേട്ടം