ടെസ്റ്റ് കരിയറില്‍ നേഥന്‍ ലിയോണ്‍ ഓവര്‍-സ്റ്റെപ്‌ഡ് നോബോളില്ലാതെ മുപ്പതിനായിരം പന്തുകള്‍ പൂര്‍ത്തിയാക്കി

നാഗ്‌‌പൂര്‍: ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നാണംകെട്ട തോല്‍വിയോടെയാണ് തുടങ്ങിയിരിക്കുന്നത്. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിക്കുകയായിരുന്നു ടീം ഇന്ത്യ. ദയനീയ തോല്‍വിക്കിടയിലും ഓസീസ് സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ ഒരു വ്യക്തിഗത നേട്ടം സ്വന്തമാക്കി. 

ടെസ്റ്റ് കരിയറില്‍ നേഥന്‍ ലിയോണ്‍ ഓവര്‍-സ്റ്റെപ്‌ഡ് നോബോളില്ലാതെ മുപ്പതിനായിരം പന്തുകള്‍ പൂര്‍ത്തിയാക്കി. ഓസീസിനായി 2011ല്‍ അരങ്ങേറ്റം കുറിച്ച ലിയോണ്‍ ഇതുവരെ 115 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ ഒരിക്കല്‍ പോലും താരത്തിന്‍റെ കാല്‍ ക്രീസിലെ വര കടന്നില്ല. ഓവര്‍-സ്റ്റെപ്‌ഡ് നോബോളില്ലാതെ 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുക എന്നത് തന്നെ വലിയൊരു നേട്ടമാണ്. ടെസ്റ്റില്‍ 460 വിക്കറ്റുകളാണ് ലിയോണിന്‍റെ സമ്പാദ്യം. എന്നാല്‍ ഈ നേട്ടത്തിനിടയിലും നാഗ്‌‌പൂര്‍ ടെസ്റ്റില്‍ ലിയോണിന് തിളങ്ങാനായില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ 49 ഓവര്‍ എറിഞ്ഞ നേഥന്‍ ലിയോണ്‍ 126 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് സമ്പാദ്യം. 

ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ അരങ്ങുവാണ നാഗ്‌പൂര്‍ ടെസ്റ്റില്‍ ടീം ഇന്ത്യ ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ അഞ്ച് വിക്കറ്റ് വീഴ്‌ത്തി രവീന്ദ്ര ജഡേജയും മൂന്ന് പേരെ മടക്കി രവിചന്ദ്ര അശ്വിനും 177ല്‍ തളച്ചു. മറുപടി ഇന്നിംഗ്‌സില്‍ നായകന്‍ രോഹിത് ശര്‍മ്മ സെഞ്ചുറിയുമായി(120 റണ്‍സ്) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ 400 റണ്‍സ് നേടി. രവീന്ദ്ര ജഡേജയുടെ 70 ഉം അക്‌‌സര്‍ പട്ടേലിന്‍റെ 84 ഉം മുഹമ്മദ് ഷമിയുടെ 37 ഉം നിര്‍ണായകമായി. 

രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ തുടക്കത്തിലെ പന്ത് കറക്കിയപ്പോള്‍ ഓസീസ് വെറും 91 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. പുറത്താകാതെ 25 റണ്‍സ് നേടിയ സ്റ്റീവ് സ്‌മിത്താണ് ഓസീസ് ടോപ് സ്കോറര്‍. അശ്വിന്‍ അഞ്ചും ജഡേജയും ഷമിയും രണ്ടും അക്‌സര്‍ പട്ടേല്‍ ഒന്നും വിക്കറ്റ് നേടി. 

ഡ്യൂപ്പിനെ ഇറക്കിയിട്ടൊന്നും കാര്യമില്ല, അശ്വിന്‍റെ ബുദ്ധി കാശുകൊടുത്ത് വാങ്ങാന്‍ കിട്ടില്ല; ഓസീസിന് പരിഹാസം