പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ കാര്യത്തിലും സമാന നിലപാടാണ് ഭരത് അരുണിന്
മുംബൈ: ടീം ഇന്ത്യയുടെ (Team India) ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ വിരാട് കോലിയുടെ (Virat Kohli) പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ച സജീവമാണ്. വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (Rohit Sharma), പേസര്‍ ജസ്‌പ്രീത് ബുമ്ര (Jasprit Bumrah) എന്നിവര്‍ക്കൊപ്പം വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍റെ (R Ashwin) പേരും സജീവമാണ്. എന്നാല്‍ അശ്വിന്‍ ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ സാധ്യതയില്ല എന്നാണ് മുന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിന്‍റെ (Bharat Arun) നിരീക്ഷണം.
'ടീം കോംബിനേഷനില്‍ മാറ്റം വന്നാല്‍ എന്ത് ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ബൗളര്‍മാര്‍ ക്യാപ്റ്റനാവുന്നത് വലിയ വെല്ലുവിളിയാണ്. കളിക്കുന്ന വിവിധ പിച്ചുകളുടെ സ്വഭാവം പരിഗണിക്കണം. വിദേശത്ത് ഒരു സ്‌പിന്നറെ മാത്രം കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഓള്‍റൗണ്ടര്‍ എന്ന നിലയ്‌ക്ക് രവീന്ദ്ര ജഡേജയ്‌ക്ക് പ്ലേയിംഗ് ഇലവനില്‍ അവസരമൊരുങ്ങും. ഇതോടെ ക്യാപ്റ്റന്‍സി ഒരു പ്രശ്‌നമാകും. അതിനാല്‍ ഒരു ബാറ്ററെയാണ് ടെസ്റ്റ് നായകനായി ഞാന്‍ നിര്‍ദേശിക്കുക' എന്നും ഭരത് അരുണ്‍ പറഞ്ഞു.
പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ കാര്യത്തിലും സമാന നിലപാടാണ് ഭരത് അരുണിന്. 'ബുമ്ര ക്യാപ്റ്റനാകുമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റുള്ളതിനാല്‍ ബുമ്രക്ക് എല്ലാ ടെസ്റ്റുകളും കളിക്കാനാകുമോ. ഒരു പരമ്പരയുടെ മധ്യത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചാല്‍ എന്തുചെയ്യും. ഇതോടെ നായകനെ വീണ്ടും മാറ്റുമോ. ക്യാപ്റ്റന് പരിക്കേറ്റാലല്ലാതെ പരമ്പര മധ്യേ നായകനെ മാറ്റുന്നിനോട് ഞാന്‍ യോജിക്കുന്നില്ല'- ഭരത് അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയായിരുന്നു വിരാട് കോലി. ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു.
