വിരാട് കോലിക്ക് പകരക്കാരനായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനായ രോഹിത് ശര്‍മ്മയ്‌ക്ക് ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്‌ടമായിരുന്നു
അഹമ്മദാബാദ്: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ (Team India) പൂര്‍ണസമയ നായകനായി അഗ്നിപരീക്ഷയ്‌ക്ക് ഒരുങ്ങുകയാണ് രോഹിത് ശര്‍മ്മ (Rohit Sharma). വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ (West Indies tour of India 2022) രോഹിത് ശര്‍മ്മയുടെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കും. ആ വെല്ലുവിളിയെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ മുന്‍താരം അജിത് അഗാര്‍ക്കര്‍ (Ajit Agarkar).
'പൂര്‍ണ ആരോഗ്യവാനായിരിക്കുക എന്നതാണ് രോഹിത്തിന്‍റെ മുന്നിലുള്ള വെല്ലുവിളി. ലോകകപ്പ് വരെ ക്യാപ്റ്റന്‍റെ സേവനം ടീമിനുണ്ടാവണം. എം എസ് ധോണിയും വിരാട് കോലിയും അപൂര്‍വമായി മാത്രമേ മത്സരങ്ങള്‍ നഷ്‌ടപ്പെടുത്തിയിട്ടുള്ളൂ. അതായിരുന്നു ഇരുവരുടേയും കരുത്തുകളിലൊന്ന്. രണ്ട് പേരും വളരെ ആരോഗ്യവാന്‍മാരായിരുന്നു' എന്നും അഗാര്‍ക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
വിരാട് കോലിയുടെ പകരക്കാരനായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനായ രോഹിത് ശര്‍മ്മയ്‌ക്ക് ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്‌ടമായിരുന്നു. തുടയിലെ മസിലിനേറ്റ പരിക്കായിരുന്നു രോഹിത്തിന്‍റെ പ്രശ്‌നം. ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ ഫിറ്റ്‌നസ് തെളിയിച്ചാണ് ഹിറ്റ്‌മാന്‍ വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് തയ്യാറെടുക്കുന്നത്.
വിന്‍ഡീസിനെതിരെ ഇറങ്ങുംമുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൊവിഡ് വ്യാപനമുണ്ടായെങ്കിലും ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച നാല് താരങ്ങള്‍ ഒഴികെ എല്ലാവരും അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങി. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്‌ക്‌വാദ്, നവ്ദീപ് സെയ്‌നി എന്നീ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫിലെ ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, സെക്യൂരിറ്റി ലെയ്സണ്‍ ഓഫിസര്‍ ബി ലോകേഷ്, മസാജ് തെറാപിസ്റ്റ് രാജീവ് കുമാര്‍ എന്നിവരുമാണ് കൊവിഡിന്‍റെ പിടിയിലുള്ളത്.
ഇന്ത്യ ഏകദിന ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മായങ്ക് അഗര്‍വാള്‍.
വിന്‍ഡീസ് ഏകദിന ടീം: കീറോണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ക്രൂമ ബോന്നര്‍, ഡാരന്‍ ബ്രാവോ, ഷംമ്ര ബൂക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രന്‍ഡണ്‍ കിംഗ്, നിക്കോളാസ് പുരാന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്‌മിത്ത്, ഹെയ്‌ഡന്‍ വാല്‍ഷ്.
