ഓസീസിനെതിരെ നാലാം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് ധോണിയുടെ സാന്നിധ്യമായിരുന്നുവെന്നതില്‍ സംശയമൊന്നുമില്ല. ധോണിക്ക് പകരം കീപ്പറായെത്തിയ ഋഷഭ് പന്ത് മൊഹാലി ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ആഷ്ടണ്‍ ടര്‍ണര്‍, അലക്സ് ക്യാരി എന്നിവരുടെ സ്റ്റംപിങ് ചാന്‍സുകള്‍ നഷ്ടമാക്കിയിരുന്നു.

ദില്ലി: ഓസീസിനെതിരെ നാലാം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് ധോണിയുടെ സാന്നിധ്യമായിരുന്നുവെന്നതില്‍ സംശയമൊന്നുമില്ല. ധോണിക്ക് പകരം കീപ്പറായെത്തിയ ഋഷഭ് പന്ത് മൊഹാലി ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ആഷ്ടണ്‍ ടര്‍ണര്‍, അലക്സ് ക്യാരി എന്നിവരുടെ സ്റ്റംപിങ് ചാന്‍സുകള്‍ നഷ്ടമാക്കിയിരുന്നു. ആ നഷ്ടത്തിന് ഇന്ത്യ വലിയ വില നല്‍കേണ്ടിയും വന്നു. പിന്നാലെ ഗ്യാലറിയില്‍ നിന്ന് ധോണി ധോണി വിളികളുയര്‍ന്നു. എന്നാല്‍ ധോണി- പന്ത് താരതമ്യത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍. 

ധോണി- പന്ത് താരതമ്യം അനവസരത്തിലാണെന്ന് ഭരത് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ധോണി- പന്ത് താരതമ്യം ഒട്ടും ശരിയാവുന്നില്ല. ധോണി ഉണ്ടാക്കിയ സ്വാധീനം വലുതാണ്. സംശയമില്ലാതെ തന്നെ ഇതിഹാസമെന്ന് വിളിക്കാം ധോണിയെ. സ്റ്റംപിന് പിന്നിലും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നു. പന്ത് ചെറുപ്പമാണ്. ധോണിയെ പോലെ ഒരു താരത്തെ പന്തുമായി താരതമ്യം ചെയ്യുന്നത് അല്‍പം കടുപ്പമുള്ള കാര്യമാണെന്നും ഭരത് അരുണ്‍ പറഞ്ഞു. 

നേരത്തെ ശിഖര്‍ ധവാനും ഇതേ അഭിപ്രായം മുന്നോട്ട് വച്ചിരുന്നു. ധോണി- പന്ത് താരതമ്യം പന്തിന്റെ ആത്മവിശ്വാസം കളയുന്നതാണെന്നായിരുന്നു ധവാന്റെ അഭിപ്രായം.