മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലക്ഷ്ണമൊത്ത ഒരു പേസ് ബൗളറെ തേടിയലഞ്ഞ സമയമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഏതൊരു ടീമിനേയും വെല്ലുന്ന ബോളിങ് നിര ടീം ഇന്ത്യക്കുണ്ട്. സ്ഥിരമായി 140 കിമി വേഗതയില്‍ പന്തെറിയാനും ബൗളര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്ത്യക്ക് മികച്ച ബോളിങ് യൂണിറ്റ് ഒരുക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് ബോളിങ് കോച്ചായ ഭരത് അരുണിന്.

ഇപ്പോള്‍ ബൗളര്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഭരത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ബോളര്‍മാരുടെ ജോലിഭാരം കൃത്യമായി മനസിലാക്കാനും അതിനനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും കഴിഞ്ഞതാണ് സ്ഥിരതയ്ക്ക് പിന്നിലെ രഹസ്യം. ജിപിഎസ് ട്രാക്കറുടെ സഹായത്തോടെ ഓരോ ബോളറെയും കുറിച്ച് വ്യക്തമായി മനസിലാക്കാനും വിശകലനം നടത്തുവാനും സാധിക്കും.

ശരിയായ ബാലന്‍സ് കണ്ടെത്തണമെന്നതാണ് പ്രാഥമികമായ കാര്യം. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു ഇതുവരെ അതിനു സാധിച്ചിട്ടുമുണ്ട്. ഇതാണ് ഒരു ബൗളിങ് യൂണിറ്റെന്ന നിലയില്‍ ഇന്ത്യയുടെ വിജയരഹസ്യമെന്നും 140 കിമീ വേഗത്തില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ സഹായിക്കുന്നതും.'' ഭരത് പറഞ്ഞു.