വരാനിരിക്കുന്ന ഹോങ്കോംഗ് സിക്‌സസ് ടൂര്‍ണമെന്റിൽ ഐപിഎൽ താരങ്ങൾ അടങ്ങിയ ഇന്ത്യൻ ടീമിനെ ഭുവനേശ്വർ കുമാർ നയിക്കും. ക്രുനാൽ പാണ്ഡ്യ, രാഹുൽ തെവാട്ടിയ തുടങ്ങിയ പ്രമുഖർ അടങ്ങുന്ന ശക്തമായ നിരയെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ: വരാനിരിക്കുന്ന ഹോങ്കോംഗ് സിക്‌സസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നയിക്കും. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ പ്രമുഖ താരങ്ങളാണ് ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്. ഭുവനേശ്വര്‍ കുമാറിന് പുറമെ ക്രുനാല്‍ പാണ്ഡ്യ, ശശാങ്ക് സിംഗ്, രാഹുല്‍ തെവാട്ടിയ, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ടി നടരാജന്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങള്‍. ശശാങ്ക് സിംഗ് ഒഴികെയുള്ള മറ്റ് എല്ലാ താരങ്ങളും ഇതിനകം ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണ്.
പരിചയസമ്പത്തും വെടിക്കെട്ട് ബാറ്റിംഗും ഓള്‍റൗണ്ട് മികവും സ്‌പെഷ്യലിസ്റ്റ് ബൗളിംഗും ഒത്തിണങ്ങിയ ശക്തമായ ഒരു നിരയാണ് ഹോങ്കോംഗ് സിക്‌സസിനായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ആറുപേര്‍ മാത്രം കളിക്കുന്ന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയതും ആവേശകരവുമായ ഫോര്‍മാറ്റുകളില്‍ ഒന്നാണ് ഹോങ്കോംഗ് സിക്‌സസ്. രാജ്യാന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഭുവനേശ്വര്‍ കുമാര്‍ പുതിയ പന്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള താരമാണ്.
ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ക്രുനാല്‍ പാണ്ഡ്യ ടീമിന് വലിയ മുതല്‍ക്കൂട്ടാകും. നിതീഷ് റാണ ബാറ്റിംഗ് നിരയ്ക്ക് കരുത്തുപര്‍ത്തുമ്പോള്‍, ഫിനിഷര്‍മാരുടെ റോളില്‍ ശശാങ്ക് സിംഗും രാഹുല്‍ തെവാതിയയും തിളങ്ങുന്നു. ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് രാഹുല്‍ ത്രിപാഠിയുടേതെങ്കില്‍, ഇടംകൈയ്യന്‍ പേസ് ബൗളിംഗ് സ്‌പെഷ്യലിസ്റ്റായാണ് നടരാജന്‍ ടീമിലിടം നേടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഡിഎല്‍എസ് നിയമപ്രകാരം രണ്ട് റണ്‍സിന്റെ വിജയത്തോടെയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും, തുടര്‍ന്നുള്ള മത്സരങ്ങളില്‍ തോറ്റ് പുറത്തായിരുന്നു. ഈ വര്‍ഷം കൂടുതല്‍ മുന്നേറാനാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. കഴിഞ്ഞ ഫൈനലില്‍ അരങ്ങേറ്റക്കാരായ കുവൈറ്റിനെ തോല്‍പ്പിച്ച് ആറാം കിരീടം സ്വന്തമാക്കിയ പാകിസ്ഥാനാണ് നിലവിലെ ചാമ്പ്യന്മാര്‍. ടിന്‍ ക്വോംഗ് റോഡ് റെക്രിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ഈ ടൂര്‍ണമെന്റില്‍ എട്ട് പ്രധാന ക്രിക്കറ്റ് രാജ്യങ്ങളും നാല് അസോസിയേറ്റ് അംഗങ്ങളും മാറ്റുരയ്ക്കും.

