ഭൂവി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമായിരിക്കും ശ്രദ്ധയെന്നും ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്തയിലുണ്ടായിരുന്നു.

ദില്ലി: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന വാര്‍ത്ത വന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ഭൂവി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമായിരിക്കും ശ്രദ്ധയെന്നും ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്തയിലുണ്ടായിരുന്നു. എന്നാലിപ്പോള്‍ ആ വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഭുവി. 

ട്വിറ്ററിലാണ് താരംം രൂക്ഷമായി പ്രതികരിച്ചത്. നിങ്ങളുടെ മനസിലുള്ള് എഴുതി പിടിപ്പിക്കരുതെന്ന നിര്‍ദേശവും ഭുവി നല്‍കിയിട്ടുണ്ട്. ട്വീറ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ... ''ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അതിന് വ്യക്തത വരുത്തേണ്ടതുണ്ട്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റ് കളിക്കാനും ഞാന്‍ തയ്യാറാണ്. എനിക്ക് നിങ്ങളോട് നിര്‍ദേശിക്കാനുള്ളത്. നിങ്ങളുടെ അനുമാനത്തിന് അനുസരിച്ച് വാര്‍ത്തയുണ്ടാക്കരുത്.'' ഭുവി ട്വിറ്റിറില്‍ കുറിച്ചിട്ടു. 

Scroll to load tweet…

ഇന്ത്യക്ക് വേണ്ടി 21 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഭുവി 63 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ 2018 ജനുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ടെസ്റ്റ് ജേഴ്‌സി അണിഞ്ഞിട്ടില്ല. ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചും ഭുവിയായിരുന്നു. ജൂലൈയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ് ഇനി ഭുവിക്ക് മുന്നിലുള്ള പരമ്പര. 

ഭുവി തന്റെ പരിശീലന രീതിയില്‍ മാറ്റം വരുത്തിയെന്നൊക്കെ വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഐസിസി ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ആറ് പേസര്‍മാരാണുള്ളത്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് പേസര്‍മാര്‍. സ്റ്റാന്‍ഡ്‌ബൈ പേസര്‍മാരായി ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, അര്‍സാന്‍ നാഗ്വസ്വല്ല എന്നിവരും ടീമിനൊപ്പം ചേരും.