ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യൻ ടീം നാളെ ഇറങ്ങും. മോശം ഫോമിലുള്ള ഭുവനേശ്വർ കുമാറിന് പകരം മായങ്ക് യാദവ് പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കും.
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്നാം ടി20 മത്സരത്തിനായി ഇന്ത്യ നാളെ വെല്ലിംഗ്ടണിലെ ഹെൻറി സ്റ്റേഡിയത്തിൽ ഇറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും നാല് വിക്കറ്റുകൾക്ക് ജയിച്ച ഇന്ത്യൻ സംഘത്തിന് മൂന്നാം മത്സരത്തിലും ജയം ആവർത്തിക്കാനായാൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് സ്വന്തമാക്കാം. തുടർച്ചയായ രണ്ട് ജയങ്ങൾക്ക് ശേഷവും മൂന്നാം പോരാട്ടത്തിനായി മാറ്റങ്ങളോടെയാവും ഇന്ത്യ കളത്തിലിറങ്ങുകയെന്നാണ് സൂചന.
ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സീനിയർ പേസർ ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നായി ഭുവനേശ്വർ 99 റൺസാണ് വിട്ടുകൊടുത്തത്. ഭുവനേശ്വറിന് പകരം പേസർ മായങ്ക് യാദവിനെ പ്ലേയിംഗ് ലെവനിൽ തിരികെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്.
മറ്റൊരു പ്രധാന മാറ്റം ബാറ്റിംഗ് നിരയിലാണ്. രണ്ടാമത്തെ മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി മൂന്നാം നമ്പറിൽ അവസരം ലഭിച്ച 15-കാരൻ വൈഭവ് സൂര്യവംശി സഞ്ജു സാംസണ് പകരം ഓപ്പണര്‍ സ്ഥാനത്ത് എത്തും. രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ വൈഭവ് 8 പന്തിൽ 4 റൺസെടുത്ത് പുറത്തായിരുന്നു. ഇഷാൻ കിഷൻ മൂന്നാം ടി20യിലും കളിക്കില്ലെന്ന് ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ് മൂന്നാം നമ്പറിലേക്ക് മാറിയേക്കും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നമൻ ധിർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ബാറ്റിംഗ് നിരയിൽ സ്ഥാനം നിലനിർത്തും. സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേലിന് വിശ്രമം നൽകി കുൽദീപ് യാദവിനെയോ വരുൺ ചക്രവർത്തിയെയോ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ചിന്തിക്കുന്നുണ്ടെങ്കിലും ബാറ്റിംഗ് കൂടി കണക്കിലെടുത്ത് അക്ഷര്‍ തുടരാനാണ് സാധ്യത.
മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്ഷർ പട്ടേൽ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ്.





