സിഡ്‌നി: ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ട്വന്റി 20 ലീഗിൽ സിഡ്നി സിക്‌സേഴ്‌സ് ചാമ്പ്യൻമാർ. സിഡ്നി സിക്‌സേഴ്‌സ് ഫൈനലിൽ 19 റൺസിന് മെൽബൺ സ്റ്റാർസിനെ തോൽപിച്ചു. മഴമൂലം 12 ഓവർ വീതമാക്കിക്കുറച്ച ഫൈനലിൽ സിഡ്നിയുടെ 116 റൺസ് പിന്തുടർന്ന മെൽബണ് 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത സിഡ്നിയുടെ ടോപ് സ്‌കോറര്‍ 29 പന്തിൽ 52 റൺസെടുത്ത ജോഷ് ഫിലിപെയാണ്. സ്റ്റീവ് സ്‌‌മിത്ത് 21നും മോയ്‌സസ് ഹെന്‍റി‌ക്ക‌സ് ഏഴിനും ജയിംസ് വിന്‍സ് രണ്ടിലും ഡാനിയല്‍ ഹ്യൂസ് പൂജ്യത്തിനും പുറത്തായി. ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലും രണ്ടുവീതവും ഡാനിയേല്‍ വോറല്‍ ഒരു വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ സ്റ്റോയിനിസ് പത്തും മാക്‌സ്‌വെൽ അഞ്ചും ഹാൻഡ്സ്‌കോംപ് ആറും റൺസിന് പുറത്തായത് മെൽബണ് തിരിച്ചടിയായി. 38 റണ്‍സെടുത്ത നിക്ക് ലാര്‍ക്കിനാണ് ടോപ് സ്‌കോറര്‍. നേഥൻ ലയൺ 19 റൺസിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം തവണയാണ് സിഡ്നി സിക്‌സേഴ്‌സ് ബിഗ് ബാഷ് ലീഗിൽ ചാമ്പ്യൻമാരാവുന്നത്. ജോഷ് ഫിലിപെയാണ് കലാശപ്പോരിലെ താരം.