മത്സരങ്ങള്‍ കാണാന്‍ ഓസ്‌ട്രേലിയൻ ആരാധകരെ പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ ആണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടത്.
ഇസ്ലാമാബാദ്: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കെതിരെ പരിഹാസവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഓസ്‌ട്രേലിയക്കെതിരായ ഈ മാസം 29ന് തുടങ്ങാനിരിക്കുന്ന ടി20 പരമ്പരക്ക് മുന്നോടിയായി പുറത്തിറക്കിയ പ്രമോ വീഡിയോയിലാണ് ഇന്ത്യയെ പരോക്ഷമായി പരിഹസിക്കുന്ന ഏഷ്യാ കപ്പിലെ'ഹസ്തദാന വിവാദവും' ഉൾപ്പെടുത്തിയിരിക്കുന്നത്.
വിവാദത്തിന് പിന്നിൽ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. 2025-ലെ ഏഷ്യാ കപ്പിനിടെ മൂന്ന് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ടോസ് വേളയിലും മത്സരശേഷവും പാക് താരം സൽമാൻ അലി ആഗയ്ക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തയ്യാറായിരുന്നില്ല. പാകിസ്ഥാനെതിരായ മത്സരങ്ങള്‍ക്കുശേഷം ഇന്ത്യൻ താരങ്ങളാരും പതിവു രീതിയിലുള്ള ഹസ്തദാനത്തിന് തയാറായിരുന്നില്ല. ഇതിനെ പരാമര്‍ശിച്ചാണ് പാകിസ്ഥാൻ പുതിയ പ്രമോ വീഡിയോ പുറത്തിറക്കിയത്.
മത്സരങ്ങള്‍ കാണാന്‍ ഓസ്‌ട്രേലിയൻ ആരാധകരെ പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ ആണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടത്. വീഡിയോയുടെ അവസാന ഭാഗത്താണ് വിവാദത്തിന് കാരണമായ രംഗങ്ങളുള്ളത്.പാകിസ്ഥാനില്‍ പരമ്പര കാണാനായി എത്തിയ ഓസീസ് ആരാധകൻ കാറിൽ നിന്നിറങ്ങിയശേഷം ഡ്രൈവർക്ക് ഹസ്തദാനം നൽകാൻ മറന്നുപോകുന്നു. അപ്പോൾ ഡ്രൈവർ ചോദിക്കുന്നത്, "ഹസ്തദാനം ചെയ്യാൻ മറന്നോ? നിങ്ങൾ അയൽക്കാരുടെ കൂടെ താമസിച്ചിട്ടാണ് വരുന്നത് എന്ന് തോന്നുന്നു എന്നാണ്.ഏഷ്യാ കപ്പില്‍ ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാത്തതിനെ പരിഹസിക്കാനാണ് ഈ രംഗം ഉൾപ്പെടുത്തിയത്.
ഓസ്‌ട്രേലിയയുടെ പാക് പര്യടനം
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് ഓസ്‌ട്രേലിയ പാകിസ്ഥാനിൽ പര്യടനം നടത്തുന്നത്. ജനുവരി 29, 31, ഫെബ്രുവരി 1 തീയതികളിൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് പാകിസ്ഥാനും ഓസ്ട്രേലിയയും കളിക്കുക. ഇതിന് ശേഷം ഇരുടീമുകളും ലോകകപ്പിനായി തിരിക്കും. ഓസ്‌ട്രേലിയ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യയിൽ കളിക്കുമ്പോൾ, പാകിസ്ഥാൻ ശ്രീലങ്കയിലായിരിക്കും മത്സരങ്ങൾ കളിക്കുക. 2022 ഏപ്രിലിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ഒരു ടി20 പരമ്പരയ്ക്കായി പാകിസ്ഥാനിൽ എത്തുന്നത്.
