പരിക്ക് കാരണം ഡിസംബറിന് ശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല മുകേഷ് ചൗധരി
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണ്‍ ആരംഭിക്കും മുമ്പേ പരിക്ക് ടീമുകളെ അലട്ടുകയാണ്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണ്‍ കളിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി വന്നിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്. ഇന്ത്യന്‍ പേസര്‍ മുകേഷ് ചൗധരി സീസണില്‍ കളിക്കാനുള്ള സാധ്യത വിരളമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചെന്നൈക്കായി അരങ്ങേറ്റ സീസണില്‍ തിളങ്ങിയ താരമാണ് ഇടംകൈയന്‍ പേസറായ മുകേഷ് ചൗധരി. പുറംവേദനയില്‍ നിന്ന് താരം ഇതുവരെ മുക്തനായിട്ടില്ല എന്നാണ് സൂചന. പരിക്ക് കാരണം ഡിസംബറിന് ശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല മുകേഷ് ചൗധരി.
'മുകേഷിന്‍റെ പരിക്ക് മാറാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ വലിയ പ്രതീക്ഷയില്ല, കഴിഞ്ഞ വര്‍ഷത്തെ പ്രധാന ബൗളര്‍മാരില്‍ ഒരാളായിരുന്നു അദേഹം. മുകേഷ് സീസണ്‍ നഷ‌്ടപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്' എന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ 16 വിക്കറ്റ് വീഴ്‌ത്തിയ മുകേഷിനെ വരും സീസണിലേക്ക് ടീം നിലനിര്‍ത്തുകയായിരുന്നു. ചെന്നൈ മോശം പ്രകടനം പുറത്തെടുത്തപ്പോഴും മുകേഷ് തിളങ്ങി. പേസര്‍ ദീപക് ചാഹറിന്‍റെ അഭാവം ടീമിനെ അറിയിക്കാത്ത പ്രകടനം പുറത്തെടുത്തു. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് താരമുള്ളത്.
പരിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും ആശങ്കയായിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ അമ്പരപ്പിച്ച ഇടംകൈയന്‍ പേസര്‍ മൊഹ്‌സീന്‍ ഖാനും പരിക്കില്‍ നിന്ന് മുക്തനായിട്ടില്ല. ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം കാത്തിരിക്കുന്ന താരമാണ് മൊഹ്‌സീന്‍. സീസണില്‍ ലഖ്‌നൗവിന്‍റെ ആദ്യ മത്സരങ്ങള്‍ താരത്തിന് നഷ്‌ടമായേക്കും. കഴിഞ്ഞ തവണ 9 മത്സരങ്ങളില്‍ 5.97 ഇക്കോണമിയില്‍ 14 വിക്കറ്റാണ് മൊഹ്‌സീന്‍ ഖാന്‍ സ്വന്തമാക്കിയത്.
സിംപിളാണ് സഞ്ജു, പരിശീലനത്തിനിടെ ആരാധകര്‍ക്കൊപ്പം സെല്‍ഫി, വീഡിയോ പങ്കുവെച്ച് റോയല്‍സ്
