സിഡ്‌നി: ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയെങ്കിലും ടി20 മത്സരങ്ങള്‍ക്ക് മുമ്പ് ഓസീസിന് കനത്ത തിരിച്ചടി. മികച്ച ഫോമില്‍ കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ക്ക് ടി20 പരമ്പര നഷ്ടമാവും. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട വാര്‍ണറെ സ്‌കാനിങ്ങിന് വിധേയിനാക്കിയിരുന്നു. 

പേശിവലിവാണ് താരത്തിന് വിനയായത്. വാര്‍ണര്‍ക്ക് പകരം ഡാര്‍സി ഷോര്‍ട്ടിനെ ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി. ശേഷിക്കുന്ന ഏകദിനത്തില്‍ മര്‍നസ് ലബുഷാനെ ഓപ്പറുടെ റോളിലെത്തും. ആദ്യ ടെസ്റ്റിന് മുമ്പ് താരം ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ തന്നെ വാര്‍ണര്‍ മടങ്ങിയിരുന്നു. ശിഖര്‍ ധവാന്റെ ഷോട്ട് മിഡ് ഓഫില്‍ തടുത്തിടാനുള്ള ശ്രമത്തിനിടെ താരത്തിന് പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. പിന്നീട് ഫിറ്റ്‌നെസ് സ്റ്റാഫിന്റെ കൂടെയാണ് താരം ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. ഇന്നലെ 77 പന്തില്‍ 83 റണ്‍സ് നേടിയ വാര്‍ണര്‍ ഓസീസിന് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു.

അതേസമയം പാറ്റ് കമ്മിന്‍സിനും ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി വേണ്ടത്ര വിശ്രമം ലഭിക്കാന്‍ വേണ്ടിയാണ് താരത്തെ മാറ്റിനിര്‍ത്തിയത്.