ഇന്ത്യയില്‍ നാലാം ഇന്നിംഗ്സില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം ഒരേയൊരു തവണ മാത്രമണ് പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ളത്.
പൂനെ: ഇന്ത്യക്കെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്‍റെ ലീഡ് 300 റണ്‍സും കടന്നതോടെ തോല്‍വിയ്ക്ക് പുറമെ പരമ്പര നഷ്ടമെന്ന നാണക്കേടിന്‍റെ കൂടി വക്കിലാണ് ഇന്ത്യ. പൂനെയിലെ സ്പിന്‍ പിച്ചില്‍ നാലാം ഇന്നിംഗ്സില്‍ 300ന് മുകളിലുള്ള വമ്പൻ വിജയലക്ഷ്യമാകും ഇന്ത്യക്ക് പിന്തുടരേണ്ടിവരിക എന്നുറപ്പായതോടെ ആരാധകരും കടുത്ത നിരാശയിലാണ്. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 198-5 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസ് വിട്ട കിവീസിന്‍റെ ഇപ്പോഴത്തെ ആകെ ലീഡ് 301 റണ്‍സാണ്. മൂന്നാം ദിനം ന്യസിലന്‍ഡിനെ 250 റണ്‍സിനുള്ളില്‍ പുറത്താക്കിയാല്‍ പോലും ഇന്ത്യക്ക് മുന്നില്‍ 400 റണ്‍സിന്‍റെ വിജയലക്ഷ്യമുണ്ടാകും.
ഇന്ത്യയില്‍ നാലാം ഇന്നിംഗ്സില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം ഒരേയൊരു തവണ മാത്രമണ് പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ളത്. 2008ൽ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 387 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു അത്. അതിന് മുമ്പോ പിമ്പോ മറ്റൊരു ടീമും ഇത്രയും വലിയ വിജയലക്ഷ്യം നാലാം ഇന്നിംഗ്സില്‍ പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല. മാത്രമല്ല, പൂനെയിലെ സ്പിന്‍ പിച്ചില്‍ ആദ്യ ഇന്നിംഗ്സില്‍ പോലും മുട്ടിടിച്ച ഇന്ത്യൻ ബാറ്റിംഗ് നിരക്ക് രണ്ടാം ഇന്നിംഗ്സില്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും.
ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്ക് ഈ ടെസ്റ്റും തോറ്റാല്‍ 12 വര്‍ഷത്തിനുശേഷം നാട്ടില്‍ പരമ്പര നഷ്ടമെന്ന നാണക്കേടും തലയിലാവും. 2012ല്‍ ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യ നാട്ടില്‍ അവസാനം ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റ് ജയിച്ച ന്യൂസിലന്‍ഡ് 36 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കുന്നത്. ആ ന്യൂസിലന്‍ഡ് ഇപ്പോള്‍ പരമ്പരനേട്ടത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ്. ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയാണ് ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തിയത്.
എന്നാല്‍ ബംഗ്ലാദേശിനെതിരെ രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് ജയിച്ച് ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലായിരുന്ന ഇന്ത്യയെ ബെംഗളൂരുവില്‍ 46 റണ്‍സിന് എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡ് ആദ്യ അടി നല്‍കിയത്. ഇപ്പോഴിതാ പൂനെയില്‍ സമാനമായൊരു തകര്‍ച്ചയിലൂടെ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിടാന്‍ ന്യൂസിലന്‍ഡ് തയാറെടുത്തു കഴിഞ്ഞു. പരമ്പര കൈവിട്ടാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കോച്ച് ഗൗതം ഗംഭീറിനുമെതിരായ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടുന്നതിനൊപ്പം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം തകരുകയും ചെയ്യും.
