പരിക്ക് മാറാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നതിനാല്‍ ചെന്നൈുടെ ആദ്യ മത്സരങ്ങള്‍ക്ക് പതിരാന ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ മുസ്തഫിസുറിലായിരുന്നു ചെന്നൈയുടെ പ്രതീക്ഷ.
ചിറ്റഗോറം: ഐപിഎല്ലിലെ ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇരുട്ടടിയായി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍റെ പരിക്ക്. ഇന്ന് ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിച്ച മുസ്തഫിസുര്‍ പരിക്കേറ്റ് ബൗളിംഗ് പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 48-ാം ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ ആദ്യ പന്തെറിഞ്ഞതിന് പിന്നാലെ കടുത്ത പേശിവലിവ് കാരണം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നിലത്ത് വീഴുകയായിരുന്നു.
പിന്നീട് സ്ട്രെച്ചര്‍ കൊണ്ടുവന്നാണ് മുത്സഫിസുറിനെ ഗ്രൗണ്ടില്‍ നിന്ന് ചികിത്സക്കായി കൊണ്ടുപോയത്. സൗമ്യ സര്‍ക്കാരാണ് പിന്നീട് മുസ്തഫിസുറിന്‍റെ ഓവര്‍ പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഒമ്പതോവര്‍ പന്തെറിഞ്ഞ മുസ്തഫിസുര്‍ 39 റണ്‍സിന് രണ്ട് വിക്കറ്റെടത്തിരുന്നു. ഐപിഎല്ലില്‍ മികച്ച വിദേശ ബൗളറുടെ അഭാവമുള്ള ചെന്നൈ ബൗളിംഗ് നിരയിലെ അവസാന പ്രതീക്ഷയായിരുന്നു മുസ്തഫിസുര്‍. സ്ലോ ബോളുകളും കട്ടറുകളും എറിയാന്‍ കഴിയുന്ന മുസ്തഫിസുറിന് ചെന്നൈയിലെ സ്ലോ പിച്ചില്‍ തിളങ്ങാനാകുമെന്നായിരുന്നു സൂപ്പര്‍ കിംഗ്സിന്‍റെ പ്രതീക്ഷ.
ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ ശ്രീലങ്കയുടെ മതീഷ പതിരാനക്കും നേരത്തെ പരിക്കേറ്റിരുന്നു. പരിക്ക് മാറാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നതിനാല്‍ ചെന്നൈുടെ ആദ്യ മത്സരങ്ങള്‍ക്ക് പതിരാന ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ മുസ്തഫിസുറിലായിരുന്നു ചെന്നൈയുടെ പ്രതീക്ഷ. നേരത്തെ ന്യൂസിലന്‍ഡ് ഓപ്പണറായ ഡെവോണ്‍ കോണ്‍വെയും പരിക്കുമൂലം ആദ്യ പകുതിയില്‍ ഉണ്ടാവില്ലെന്ന് ചെന്നൈ വ്യക്തമാക്കിയിരുന്നു.
പതിരാനക്കും മുത്സഫിസുറിനും പരിക്കേറ്റതോടെ ആശ്രയിക്കാവുന്ന വിദേശ ബൗളര്‍മാരൊന്നും ചെന്നൈ നിരയിലില്ല. ഷാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, രഞ്ജിയില്‍ തിളങ്ങിയ തുഷാര്‍ ദേശ്പാണ്ഡെ, രാജ്യവര്‍ധന്‍ ഹങ്കരേക്കര്‍, സിമര്‍ജീത് സിംഗ്, മുകേഷ് ചൗധരി എന്നിവരാണ് ചെന്നൈ പേസ് നിരയിലുള്ളത്.
ചെന്നൈ സൂപ്പർ കിങ്‌സ് സ്ക്വാഡ്: എംഎസ് ധോണി (ക്യാപ്റ്റന്‍), മൊയിൻ അലി, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, റുതുരാജ് ഗെയ്‌ക്‌വാദ്, രാജ്‌വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജഡേജ, അജയ് മണ്ഡൽ, മുകേഷ് ചൗധരി, മതീഷ പതിരാന, അജിങ്ക്യ രഹാനെ, ഷെയ്ഖ് റഷീദ്, ഡാരിൽ മിച്ചൽ, സിമര്‍ജീത് സിങ്, മിച്ചൽ സാന്‍റ്നര്‍, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷണ, രച്ചിൻ രവീന്ദ്ര, ഷാർദുൽ താക്കൂർ, സമീർ റിസ്‌വി, മുസ്തഫിസുർ റഹ്മാൻ, അവനീഷ് റാവു ആരവേലി.
