ബുമ്രയുടെ കാര്യത്തില്‍ ഇന്ത്യൻ ടീം എന്തൊക്കെയോ രഹസ്യമായി വെക്കുന്നുണ്ടെന്ന് ഫ്ലെമിംഗ്.

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരെ ശനിയാഴ്ച തുടങ്ങുന്ന ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി പേസര്‍ ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. അഡ്‌ലെയ്ഡില്‍ ഇന്നലെ ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയെങ്കിലും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും നിതീഷ് കുമാര്‍ റെഡ്ഡിയും ബൗളിംഗ് പരിശീലനം നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ മറ്റ് പേസര്‍മാരായ ആകാശ് ദീപ്, ഹര്‍ഷിത് റാണ, യാഷ് ദയാല്‍ എന്നിവര്‍ ബൗളിംഗ് പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു.

ബുമ്രയുടെ പരിക്ക് ഇന്ത്യ മറച്ചുവെക്കുകയാണെന്ന് ഓസീസ് മുന്‍ പേസര്‍ ഡാമിയൻ ഫ്ലെമിംഗും ആരോപിച്ചു. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ബുമ്രക്ക് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ബുമ്ര ഫിസിയോയുടെ സഹായം തേടുകയും ചെയ്തു. ഇതിനിടെയാണ് രണ്ടാം ടെസ്റ്റിനിടെ ബുമ്രക്ക് പരിക്കേറ്റെന്നും ഇന്ത്യ അത് മറച്ചുവെക്കുകയാണെന്നും സെൻ റേഡിയോയില്‍ ഡാമിയന്‍ ഫ്ലെമിംഗ് ആരോപിച്ചത്.

ഗാബ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ടത് ഒരേയൊരു മാറ്റം, നിര്‍ദേശവുമായി പൂജാര

ബുമ്രയുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ജോലിഭാരം കണക്കിലെടുത്ത് സിറാജിന് പരിശീലനത്തില്‍ നിന്ന് വിശ്രമം നല്‍കിയതാവാന്‍ സാധ്യതയുണ്ട്. പക്ഷെ രണ്ടാം ടെസ്റ്റിനിടെ ബൗള്‍ ചെയ്യുമ്പോള്‍ ബുമ്രക്ക് പരിക്കേറ്റിരുന്നു. അത് ഇന്ത്യ മറച്ചുവെക്കുകയാണെന്നാണ് താന്‍ കരുതുന്നതെന്നും ഫ്ലെമിംഗ് പറഞ്ഞു.

രണ്ടാം ടെസ്റ്റിനിടെ ബുമ്രക്ക് സംഭവിച്ചത് പേശിവലിവ് മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. പരിക്കേറ്റിട്ടും ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ബുമ്ര എന്തിനാണ് ഒരോവര്‍ എറിഞ്ഞതെന്ന് എനിക്ക് മനസിലാവുന്നില്ല. ബുമ്രയുടെ കാര്യത്തില്‍ ഇന്ത്യൻ ടീം എന്തൊക്കെയോ രഹസ്യമായി വെക്കുന്നുണ്ടെന്നും ഫ്ലെമിംഗ് ആരോപിച്ചു.

ബുമ്രക്ക് പരിക്കൊന്നുമില്ലെന്നും പേശിവലിവ് മാത്രമാണെന്നും രണ്ടാം ടെസ്റ്റിനുശേഷം ഇന്ത്യൻ ബൗളിംഗ് കോച്ച് മോണി മോര്‍ക്കൽ വ്യക്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റിനിടെ പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫിസിയോയുടെ സഹായം തേടിയ ബുമ്ര ബൗളിംഗ് തുടര്‍ന്ന കാര്യവും മോര്‍ണി മോര്‍ക്കൽ ചൂണ്ടിക്കാട്ടിയിരുന്നു. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ബുമ്രക്ക് അഡ്‌ലെയ്ഡില്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക