ലിയോണിന്‍റെ തുടർച്ചയായ 100-ാം ടെസ്റ്റായിരുന്നു ലോര്‍ഡ്‌സിലെ ഇംഗ്ലണ്ട്-ഓസീസ് പോരാട്ടം

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ സ്‌പിന്നർ നേഥൻ ലിയോണിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകും. ലോർഡ്‌സ് ടെസ്റ്റിനിടെയാണ് ലിയോണിന് പരിക്കേറ്റത്. ആകെ 122 ടെസ്റ്റുകളിൽ ഓസ്ട്രേലിയക്കായി കളിച്ചിട്ടുള്ള ലിയോണ്‍ 496 വിക്കറ്റ് നേടിയിട്ടുണ്ട്. ലിയോണിന് ആഷസിലെ മൂന്നാം ടെസ്റ്റിൽ ടോഡ് മർഫി പകരക്കാരനാകുമെന്നാണ് കരുതുന്നത്. പരമ്പരയിൽ ഓസീസ് നിലവിൽ 2-0ന് മുന്നിലാണ്.

ലിയോണിന്‍റെ തുടർച്ചയായ 100-ാം ടെസ്റ്റായിരുന്നു ലോര്‍ഡ്‌സിലെ ഇംഗ്ലണ്ട്-ഓസീസ് പോരാട്ടം. 100 ടെസ്റ്റുകളിൽ തുടർച്ചയായി കളിക്കുന്ന ആദ്യ ബൗളര്‍ എന്ന നേട്ടവും നേഥൻ ലിയോണ്‍ മത്സരത്തില്‍ സ്വന്തമാക്കി. എന്നാല്‍ നാഴികക്കല്ല് എഴുതിയ മത്സരം ലിയോണിന് പരിക്കിന്‍റെ നിരാശ സമ്മാനിച്ചു. ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ രണ്ടാംദിനം ഫീല്‍ഡിംഗിനിടെ കാലിന് പരിക്കേറ്റ താരത്തിന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു. നാലാദിനം ഊന്നുവടികളുടെ സഹായത്തോടെയാണ് സ്റ്റേഡിയത്തിലേക്ക് വന്നതെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ പതിനൊന്നാമനായി ലിയോണ്‍ ക്രീസിലെത്തി. ഒറ്റക്കാലില്‍ നിന്നുകൊണ്ട് ബാറ്റേന്തി ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങിയ ലിയോണ്‍ അവസാന വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം 15 റണ്‍സ് ചേര്‍ത്തു. 13 പന്തില്‍ ഒരു ബൗണ്ടറിയോടെ 4 റണ്‍സ് പൊരുതി നേടി ലിയോണ്‍ മടങ്ങുമ്പോള്‍ ലോര്‍ഡ്‌സിലെ കാണികള്‍ സ്റ്റാന്‍റിംഗ് ഓവേഷന്‍ താരത്തിന് നല്‍കിയിരുന്നു. 

അഞ്ച് ടെസ്റ്റുകളാണ് വിഖ്യാതമായ ആഷസ് പരമ്പരയിലുള്ളത്. എഡ്‌ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 2 വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയിരുന്നു. പിന്നാലെ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ 43 റണ്‍സിനും പാറ്റ് കമ്മിന്‍സും സംഘവും വിജയിച്ചു. ജൂലൈ ആറ് മുതല്‍ ഹെഡിംഗ്‌ലെയിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. 

Read more: തലയ്ക്ക് ഏറുകിട്ടി കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടാവാന്‍ വേണ്ടിയാണ് ഇറങ്ങിയതെന്ന വിമര്‍ശനം; വായടപ്പിച്ച് ലിയോണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News