അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 18 റണ്‍സിന്റെ ആവേശകരമായ ജയം. മഴയെ തുടര്‍ന്ന് വിജയലക്ഷ്യം പുനര്‍നിശ്ചയിച്ച മത്സരത്തില്‍, ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സിന് മറുപടിയായി ബംഗ്ലാദേശ് 146 റണ്‍സിന് പുറത്തായി. 

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 18 റണ്‍സ് ജയം. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിന് മുന്നില്‍ 239 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. മഴയെ തുടര്‍ന്ന് പിന്നീട് വിജയലക്ഷ്യം 29 ഓവറില്‍ 165 റണ്‍സാക്കി ചുരുക്കി. എന്നാല്‍ ബംഗ്ലാദേശ് 28.3 ഓവറില്‍ 146 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വിഹാന്‍ മല്‍ഹോത്രയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 51 റണ്‍സ് നേടിയ മുഹമ്മദ് അസീസുള്‍ ഹകിം തമീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. റിഫാത് ബെഗ് 37 റണ്‍സ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 48.4 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഭിഗ്യാന്‍ കുണ്ടു (80), വൈഭവ് സൂര്യവന്‍ഷി (72) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട് സ്‌കോറിലേക്ക് നയിച്ചത്. ബംഗ്ലാദേശിന് വേണ്ടി അല്‍ ഫഹദ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 12 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (6), വേദാന്ത് ത്രിവേദി (0) എന്നിവര്‍ മൂന്നാം ഓവറില്‍ തന്നെ മടങ്ങി. അല്‍ ഫഹദിനായിരുന്നു രണ്ട് വിക്കറ്റുകളും. തുടര്‍ന്ന് വിഹാല്‍ മല്‍ഹോത്രയ്‌ക്കൊപ്പം ചേര്‍ന്ന് സൂര്യവന്‍ഷി 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പത്താം ഓവറില്‍ മല്‍ഹോത്രയും മടങ്ങി. ഇതോടെ മൂന്നിന് 53 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് കുണ്ടു - സൂര്യവന്‍ഷി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്ത്് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.

എന്നാല്‍ 27-ാം ഓവറില്‍ സൂര്യവന്‍ഷി പുറത്തായി. ഇഖ്ബാല്‍ ഹുസൈനാണ് സൂര്യവന്‍ഷിയെ മടക്കിയത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവന്‍ഷിയുടെ ഇന്നിംഗ്്‌സ്. തുടര്‍ന്നെത്തിയ ഹര്‍വന്‍ഷ് പങ്കാലിയ (2) വന്നത് പോലെ മടങ്ങി. 28 റണ്‍സെടുത്ത കനിഷ്‌ക് ചൗഹാന്‍, കുണ്ടുവിനൊപ്പം 54 റണ്‍സും കൂട്ടിചേര്‍ത്ത് മടങ്ങി. പിന്നീട് 39 ഓവറില്‍ ആറിന് 162 എന്ന നിലയില്‍ എത്തിനില്‍ക്കുമ്പോഴാണ് മഴയെത്തിയത്. മഴയ്ക്ക് ശേഷം ഇന്ത്യ തകരുകയായിരുന്നു. ആര്‍ എസ് ആംബ്രിഷിന്റെ (5) വിക്കറ്റ് ഇന്ത്യക്ക് ആദ്യം നഷ്ടമായി.

പിന്നാലെ ഖിലന്‍ പട്ടേലും (8) മടങ്ങി. ഇതിനിടെ കുണ്ടുവും പവലിയനില്‍ തിരിച്ചെത്തി. 112 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. ദീപേഷ് ദേവേന്ദ്രനാണ് (11) പുറത്തായ മറ്റൊരു താരം. ഹെനില്‍ പട്ടേല്‍ (7) പുറത്താവാതെ നിന്നു. അല്‍ ഫഹദിന് പുറമെ ബംഗ്ലാദേശിന് വേണ്ടി ഇഖ്ബാല്‍ ഹുസൈന്‍ ഇമോണ്‍, അസിസുല്‍ ഹക്കിം തമീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരങ്ങളായ ആരോണ്‍ ജോര്‍ജ്, മുഹമ്മദ് ഇനാന്‍ എന്നിവര്‍ ഇന്നും പുറത്തിരുന്നു. ആരോണിന് പരിക്കാണ് പ്രശ്‌നമായത്.

ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ഹര്‍വന്‍ഷ് പങ്കാലിയ, ആര്‍ എസ് അംബ്രീഷ്, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

YouTube video player