തേനീച്ച കുത്തേറ്റ് ഇഷാന്‍ കിഷന്‍, കൈക്ക് ഏറ് കിട്ടി സൂര്യകുമാര്‍ യാദവ്; ന്യൂസിലന്‍ഡിനെതിരെ സംശയം, ടീമിന് ആശങ്ക
കിവീസിനെതിരെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കളിക്കാനാവില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു

ധരംശാല: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിന് മുമ്പ് ടീം ഇന്ത്യക്ക് ആശങ്കയായി കൂടുതല്‍ പരിക്ക്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ച സൂര്യകുമാര്‍ യാദവിന് നെറ്റ്‌സില്‍ ബാറ്റിംഗിനിടെ കൈക്കുഴയ്‌ക്ക് പരിക്കേറ്റു. ഐസ്‌പാക് വച്ച് വേദന കുറയ്‌ക്കാന്‍ ശ്രമിച്ച സ്കൈ പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയതായാണ് റെവ് സ്പോര്‍ട്‌സിന്‍റെ റിപ്പോര്‍ട്ട്. അതേസമയം ബാക്ക്‌അപ് ഓപ്പണര്‍ ഇഷാന്‍ കിഷന് പരിശീലനത്തിനിടെ തലയ്‌ക്ക് പിന്നില്‍ തേനീച്ചയുടെ കുത്തേറ്റതും ടീമിന് ആശങ്കയായിരിക്കുകയാണ്. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ഇരുവരും.
കിവീസിനെതിരെ ഹാര്‍ദിക് പാണ്ഡ്യക്ക് കളിക്കാനാവില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവും ഷര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമിയും പ്ലേയിംഗ് ഇലവനിലെത്തും എന്ന് പ്രതീക്ഷിച്ചിരിക്കേയാണ് സൂര്യക്ക് പരിക്കേറ്റത്. ഫുള്‍ടോസ് ബോളാണ് സൂര്യയുടെ കൈക്കുഴയില്‍ കൊണ്ടത് എന്നാണ് റിപ്പോര്‍ട്ട്. പനി മാറി ശുഭ്‌മാന്‍ ഗില്‍ മടങ്ങിയെത്തിയതോടെ ഓപ്പണര്‍ സ്ഥാനം നഷ്‌ടമായെങ്കിലും ടീമിലെ ബാക്ക്‌അപ് വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാനെ തേനീച്ച കുത്തിയതും ടീമിന് ആശങ്കയാണ്. പാകിസ്ഥാനും ബംഗ്ലാദേശിനുമെതിരായ കഴിഞ്ഞ മത്സരങ്ങളില്‍ ബഞ്ചിലായിരുന്നു കിഷന്‍റെ സ്ഥാനം.
ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീം ഇന്ത്യ അഞ്ചാം ജയം തേടിയാണ് ഞായറാഴ്‌ച ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. ഹിമാചല്‍പ്രദേശിലെ ധരംശാല സ്റ്റേഡിയത്തില്‍ ഞായറാഴ‌്‌ച ഉച്ചയ്‌ക്ക് ഇന്ത്യന്‍ സമയം രണ്ട് മണിക്കാണ് കളി തുടങ്ങുക. മത്സരത്തില്‍ ന്യൂസിലന്‍ഡ് നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്. സീനിയര്‍ പേസര്‍ ടിം സൗത്തി ഇന്ത്യക്കെതിരെ കളിക്കും എന്നാണ് സൂചന. ധരംശാല പേസിന് അനുകൂലമായ പിച്ചായതിനാല്‍ ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്‍റി, ലോക്കീ ഫെര്‍ഗ്യൂസന്‍, ടിം സൗത്തി എന്നീ ശക്തമായ പേസ് ലൈനപ്പ് ന്യൂസിലന്‍ഡ് അണിനിരത്തിയേക്കും. മുഹമ്മദ് ഷമി എത്തിയാല്‍ ഇന്ത്യന്‍ പേസ് നിരയും കൂടുതല്‍ ശക്തമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം