Asianet News MalayalamAsianet News Malayalam

'പോയി, മൂഡ് പോയി'; ഇന്ത്യക്ക് ഇരട്ട പ്രഹരം! ഷമി ടെസ്റ്റ് പരമ്പരയ്ക്കില്ല, ഏകദിനത്തില്‍ മറ്റൊരാളും പുറത്ത്

ഷമിക്ക് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ അനുമതി ലഭിച്ചില്ലാ എന്ന് ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു

Big setback to Team India in South Africa as Deepak Chahar withdrawn from the ODIs and Mohammed Shami ruled out of the Test series
Author
First Published Dec 16, 2023, 10:48 AM IST

ജൊഹന്നസ്‍ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് ടീം ഇന്ത്യക്ക് ഇരട്ട തിരിച്ചടികളുടെ വാർത്ത. ഏകദിന സ്ക്വാഡില്‍ നിന്ന് പേസർ ദീപക് ചാഹർ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറിയപ്പോള്‍ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് ടെസ്റ്റ് പരമ്പര കളിക്കാനാവില്ല എന്നും ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് കളിക്കാനുള്ളത്.

പിതാവ് അസുഖബാധിതനായതിനാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് എത്താനാവില്ല എന്ന ദീപക് ചാഹറിന്‍റെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ദീപക്കിന് പകരം ആകാശ് ദീപിനെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ബിസിസിഐ സീനിയർ സെലക്ടർമാർ ഉള്‍പ്പെടുത്തി. അതേസമയം പ്രോട്ടീസിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് മുഹമ്മദ് ഷമിക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനായില്ല. കാല്‍ക്കുഴയ്ക്ക് പരിക്കുണ്ടായിരുന്നെങ്കിലും ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്ന ഷമി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവും എന്ന പ്രതീക്ഷ ഇതോടെ തകിടംമറിഞ്ഞു. ഷമിക്ക് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ അനുമതി ലഭിച്ചില്ലാ എന്ന് ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു.

ഡിസംബർ 17ന് ജൊഹന്നസ്ബർഗിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന് ശേഷം ശ്രേയസ് അയ്യർ ടെസ്റ്റ് സ്ക്വാഡിനൊപ്പം ചേരും. രണ്ടും മൂന്നും ഏകദിനങ്ങള്‍ക്ക് ശ്രേയസിന്‍റെ സേവനമുണ്ടാവില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്‍റർ-സ്ക്വാഡ് മത്സരത്തില്‍ ശ്രേയസ് ഇറങ്ങും. രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലുള്ള സീനിയർ പരിശീലക സംഘം ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്‍ട്രാ-സ്ക്വാഡ് മത്സരങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനാല്‍ ഏകദിന ടീമിനെ ഇന്ത്യ എ പരിശീലകരാവും ഒരുക്കുക എന്നും ബിസിസിഐ അറിയിച്ചു. ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടാക്, ബൗളിംഗ് കോച്ച് റജീബ് ദത്ത, ഫീല്‍ഡിംഗ് കോച്ച് അജയ് രാത്ര എന്നിവരാണ് ഈ പരിശീലക സംഘത്തിലുണ്ടാവുക.

പുതുക്കിയ ഏകദിന സ്ക്വാഡ്: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശന്‍, തിലക് വർമ്മ, രജത് പടീദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദർ, കുല്‍ദീപ് യാദവ്, യുസ്‍വേന്ദ്ര ചഹല്‍, മുകേഷ് കുമാർ, ആവേഷ് ഖാന്‍, അർഷ്ദീപ് സിംഗ്, ആകാശ് ദീപ്. 

Read more: ട്വന്‍റി 20 ലോകകപ്പിലും രോഹിത് ശർമ്മ ഔട്ട്? സൂചനകള്‍ അത്ര ശുഭമല്ല, ആരാധക‍ർ കനത്ത ആശങ്കയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios