ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ടി20, അഞ്ച് ഏകദിനങ്ങൾ, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക.

ഓക്‌ലൻഡ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന വമ്പൻ പ്രഖ്യാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. വരാനിരിക്കുന്ന ഹോം സീസണിന്‍റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ന്യൂസിലൻഡ് പര്യടനത്തിന്‍റെ മത്സരക്രമം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യയുടെ ഓൾ-ഫോർമാറ്റ്(ടെസ്റ്റ്, ഏകദിനം, ടി20) ടൂർ ഉൾപ്പെടുന്ന പരമ്പരകളുടെ മത്സരക്രമമാണ് ന്യൂസിലന്‍ഡ് പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ടി20, അഞ്ച് ഏകദിനങ്ങൾ, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക. മത്സരങ്ങളുടെ എണ്ണത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരമ്പരയായിരിക്കും ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു സമ്പൂർണ്ണ പരമ്പരയ്ക്കായി ന്യൂസിലൻഡിലെത്തുന്നത്. 2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ അവിടെ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. ഇതിന് പുറമെ 7 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ 5 മത്സരങ്ങളടങ്ങിയ ഒരു ഏകദിന പരമ്പരയില്‍ കളിക്കുന്നത് എന്ന പ്രത്യേകതയും പരമ്പരക്കുണ്ട്.

ഇന്ത്യ - ന്യൂസിലൻഡ് പരമ്പരയുടെ പൂർണ്ണ വിവരങ്ങൾ: 

ടി20 പരമ്പര: 

  • ഒന്നാം ടി20: ഒക്ടോബർ 22 (ക്രിസ്റ്റചർച്ച്)
  • രണ്ടാം ടി20: ഒക്ടോബർ 24 (ക്രിസ്റ്റചർച്ച്)
  • മൂന്നാം ടി20: ഒക്ടോബർ 27 (വെല്ലിംഗ്ടൺ)
  • നാലാം ടി20: ഒക്ടോബർ 30 (ഓക്‌ലൻഡ്)
  • അഞ്ചാം ടി20: നവംബർ 1 (ഹാമിൽട്ടൺ)
  • ഏകദിന പരമ്പര

    ഒന്നാം ഏകദിനം: നവംബർ 4 (ഓക്‌ലൻഡ്)
  • രണ്ടാം ഏകദിനം: നവംബർ 7 (വെല്ലിംഗ്ടൺ)
  • മൂന്നാം ഏകദിനം: നവംബർ 10 (ഹാമിൽട്ടൺ)
  • നാലാം ഏകദിനം: നവംബർ 13 (മൗണ്ട് മൗംഗനൂയി)
  • അഞ്ചാം ഏകദിനം: നവംബർ 15 (മൗണ്ട് മൗംഗനൂയി)

ടെസ്റ്റ് പരമ്പര

  • ഒന്നാം ടെസ്റ്റ്: നവംബർ 19 - 23 (വെല്ലിംഗ്ടൺ)
  • രണ്ടാം ടെസ്റ്റ്: നവംബർ 27 - ഡിസംബർ 1 (ക്രിസ്റ്റചർച്ച്)

ഇന്ത്യൻ പര്യടനത്തിന് ശേഷം ശ്രീലങ്കയും എത്തും

ഇന്ത്യൻ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ശ്രീലങ്കൻ പുരുഷ ടീമും ന്യൂസിലൻഡിൽ പര്യടനം നടത്തും. ജനുവരി 16-ന് ആരംഭിക്കുന്ന ഈ പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്.

വനിതകൾക്ക് ബംഗ്ലാദേശുമായി മാത്രം പോരാട്ടം

ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീമിന് ഈ ഹോം സീസണിൽ ബംഗ്ലാദേശിനെതിരെ മാത്രമാണ് മത്സരങ്ങളുള്ളത്. ഡിസംബർ 10 മുതൽ 23 വരെ നടക്കുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയിരിക്കുന്നു. ഫെബ്രുവരിയിൽ ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ഐസിസി വനിതാ ചാമ്പ്യൻസ് ട്രോഫി കാരണം മുൻപ് നിശ്ചയിച്ചിരുന്ന ഓസ്‌ട്രേലിയൻ പര്യടനം മാറ്റിവെച്ചതിനാലാണ് കിവീസ് വനിതകൾക്ക് മറ്റ് ഹോം മത്സരങ്ങൾ ഇല്ലാത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക