സ്പിൻ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ ബാസ്ബോൾ ശൈലിയുടെ വിധി നിശ്ചയിക്കാനാണ് ഇംഗ്ലണ്ടിന്‍റെ വരവ്
ഹൈദരാബാദ്: ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലി ഇന്ത്യയിലെ സ്പിന്‍ ട്രാക്കില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുകയാണ്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിന് വ്യക്തമായ താക്കീത് നല്‍കുന്നതാണ് പുറത്തുവന്നിരിക്കുന്ന പിച്ചിന്‍റെ ചിത്രം. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അരങ്ങുവാഴാനുള്ള എല്ലാ സാധ്യതയും ഹൈദരാബാദിലെ പിച്ചിലുണ്ട്. മൂന്ന് സ്പിന്നര്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഉറപ്പാണ്. ഇംഗ്ലണ്ടിന്‍റെ യുവ സ്പിന്നര്‍മാരുടെ പ്രകടനം എങ്ങനെയാവും എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കമാവും. ഹൈദരാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൈദരാബാദില്‍ ടെസ്റ്റ് മത്സരം നടക്കുന്നത്. സ്പിൻ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ ബാസ്ബോൾ ശൈലിയുടെ വിധി നിശ്ചയിക്കാനാണ് ഇംഗ്ലണ്ടിന്‍റെ വരവ്. എന്നാല്‍ സ്പിന്നർമാരെ തുണയ്ക്കുന്ന ഹൈദരാബാദിലെ വിക്കറ്റിൽ ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് സ്പിൻ ത്രയത്തെ അതിജീവിക്കുകയാവും ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. കുല്‍ദീപിന് പകരം അക്സര്‍ പട്ടേലിനെ ഇറക്കണം എന്ന ആവശ്യം ആരാധകര്‍ക്കുണ്ട്.
വിരമിച്ച സ്റ്റുവർട്ട് ബ്രോഡ്, മോയിൻ അലി, അവസാന നിമിഷം പിൻമാറിയ ഹാരി ബ്രൂക് എന്നിവരില്ലാതെയാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. കോച്ച് ബ്രണ്ടൻ മക്കല്ലം ബാസ്ബോൾ ശൈലി നടപ്പാക്കിയതിന് ശേഷം ഇംഗ്ലണ്ട് സ്വദേശത്തും വിദേശത്തും ടെസ്റ്റ് പരമ്പര കൈവിട്ടിട്ടില്ല. ഇതിനിടെ പതിനാല് ജയം, ആറ് തോൽവി എന്നിങ്ങനെയാണ് ഫലം. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയിൽ 2021ൽ കളിക്കാനെത്തിയപ്പോള്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ 3-1ന് സ്വന്തമാക്കിയിരുന്നു. ഇത്തവണ എന്താകും അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ഫലം എന്ന് കാത്തിരുന്നറിയാം.
