Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ഇംഗ്ലീഷ് ടെസ്റ്റ് പരീക്ഷ ഇന്നുമുതല്‍; സൂപ്പര്‍ താരം കളിക്കില്ല, വിക്കറ്റ് കീപ്പര്‍ ആര്? ടീം സാധ്യത

വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക

India vs England 1st Test streaming for free and here is the Team India predicted playing xi
Author
First Published Jan 25, 2024, 7:17 AM IST

ഹൈദരാബാദ്: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമുണര്‍ത്തി ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഹൈദരാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. ഒന്‍പത് മണിക്ക് ടോസ് വീഴും. സ്പിൻ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ ബാസ്ബോൾ ശൈലിയുടെ വിധി നിശ്ചയിക്കാനാണ് ഇംഗ്ലണ്ടിന്‍റെ വരവ്. 

വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. കോലിക്ക് പകരം സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും തഴഞ്ഞ് രജത് പാടിദാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പിന്നർമാരെ തുണയ്ക്കുന്ന ഹൈദരാബാദിലെ വിക്കറ്റിൽ ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് സ്പിൻ ത്രയത്തെ അതിജീവിക്കുകയാവും ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് വേട്ടയിൽ സെഞ്ചുറി തികയ്ക്കാൻ അശ്വിന് 12 വിക്കറ്റ് കൂടി മതി. പത്തൊൻപത് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 88 വിക്കറ്റാണ് അശ്വിന്‍റെ സമ്പാദ്യം. കെ എൽ രാഹുൽ കീപ്പറാവില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതിനാൽ വിക്കറ്റിന് പിന്നിലെത്താൻ കെ എസ് ഭരതും അരങ്ങേറ്റക്കാരൻ ധ്രുവ് ജുറലും തമ്മിലാണ് മത്സരം. 

വിരമിച്ച സ്റ്റുവർട്ട് ബ്രോഡ്, മോയിൻ അലി, അവസാന നിമിഷം പിൻമാറിയ ഹാരി ബ്രൂക് എന്നിവരില്ലാതെയാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. കോച്ച് ബ്രണ്ടൻ മക്കല്ലം ബാസ്ബോൾ ശൈലി നടപ്പാക്കിയതിന് ശേഷം ഇംഗ്ലണ്ട് സ്വദേശത്തും വിദേശത്തും ടെസ്റ്റ് പരമ്പര കൈവിട്ടിട്ടില്ല. ഇതിനിടെ പതിനാല് ജയം, ആറ് തോൽവി എന്നിങ്ങനെയാണ് ഫലം. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയിൽ 2021ൽ കളിക്കാനെത്തിയപ്പോള്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ 3-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റ് ജിയോ സിനിമയിലൂടെ സൗജന്യമായി ആരാധകര്‍ക്ക് തല്‍സമയം കാണാം. 

Read more: സ്റ്റാ‍ർ സ്പോർട്സിൽ കാണാനാവില്ല, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ മുതൽ; മത്സരം സൗജന്യമായി കാണാനുള്ള വഴികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios