വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുശാല്‍ മെന്‍ഡിസ് വിക്കറ്റിന് പിന്നില്‍ രണ്ട് ക്യാച്ചുകള്‍ പാഴാക്കിയപ്പോള്‍ ബാറ്റിംഗിനിറങ്ങി ഹിറ്റ്‌ വിക്കറ്റുമായി

ചണ്ഡിഗഢ്: ക്രിക്കറ്റ് കരിയറില്‍ ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസ് ഈ ദിനം മറക്കില്ല. ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്‍റെ 2025 എഡിഷനില്‍ ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് എലിമിനേറ്ററില്‍ ടൈറ്റന്‍സിനായിറങ്ങിയ കുശാല്‍ മെന്‍ഡിസ് സമ്പൂര്‍ണ പരാജയമായി. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മെന്‍ഡിസ് വിക്കറ്റിന് പിന്നില്‍ രണ്ട് ക്യാച്ചുകള്‍ പാഴാക്കിയപ്പോള്‍ ബാറ്റിംഗിനിറങ്ങി ഹിറ്റ്‌ വിക്കറ്റായി തലതാഴ്ത്തി മടങ്ങുകയും ചെയ്തു. സാക്ഷാല്‍ ജോസ് ബട്‌ലര്‍ക്ക് പകരക്കാരനായി ടൈറ്റന്‍സ് കണ്ടെത്തിയ താരം അങ്ങനെ ഐപിഎല്‍ ദുരന്തമായി. 

ഐപിഎല്‍ പതിനെട്ടാം സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇറങ്ങും മുമ്പ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ വലിയ തലവേദന അവരുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറുടെ അഭാവമായിരുന്നു. ഈ എഡിഷനില്‍ അഞ്ച് ഫിഫ്റ്റികള്‍ സഹിതം 500-ലേറെ റണ്‍സടിച്ച ബട്‌ലര്‍ക്ക് പകരംവെക്കാന്‍ പറ്റുന്നൊരു താരം ലോക ക്രിക്കറ്റില്‍ തന്നെയില്ല എന്നിരിക്കേ ലങ്കയില്‍ നിന്ന് കുശാല്‍ മെന്‍ഡിനെ ഇറക്കുകയാണ് ടൈറ്റന്‍സ് മാനേജ്‌മെന്‍റ് ചെയ്തത്. ഈ സീസണില്‍ ആദ്യ ഐപിഎല്‍ മത്സരം കളിക്കുന്നതിന്‍റെ എല്ലാ അങ്കലാപ്പും മെന്‍ഡിസ് എലിമിനേറ്റര്‍ മത്സരത്തിന്‍റെ തുടക്കത്തിലെ കാഴ്ചവെച്ചപ്പോള്‍ മുംബൈ കൂറ്റന്‍ സ്കോറിലേക്ക് നടന്നുകയറി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 റണ്‍സെടുത്തപ്പോള്‍ 50 ബോളുകളില്‍ 81 റണ്‍സുമായി ടോപ് സ്കോററായ രോഹിത് ശര്‍മ്മയുടെ ഉള്‍പ്പടെ രണ്ട് ക്യാച്ചാണ് കുശാല്‍ മെന്‍ഡിസ് കൈവിട്ടത്. 20 പന്തുകളില്‍ 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്‍റെ ക്യാച്ചാണ് മെന്‍ഡിസ് പാഴാക്കിയ മറ്റൊന്ന്. 

Scroll to load tweet…

ഗുജറാത്ത് ടൈറ്റന്‍സ് 229 റണ്‍സ് വിജയലക്ഷ്യം തേടി ചേസിംഗിന് ഇറങ്ങിയപ്പോള്‍ അവിടെയും തിളങ്ങാന്‍ കുശാല്‍ മെന്‍ഡിസിനായില്ല. ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍ വെറും 2 പന്തില്‍ ഒരു റണ്‍സുമായി ആദ്യ ഓവറിലേ മടങ്ങിയപ്പോള്‍ വണ്‍ഡൗണായി ക്രീസിലെത്തിയ കുശാലും നീതി പുലര്‍ത്തിയില്ല. 10 പന്തില്‍ 20 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് ക്രീസിലേക്ക് ഡീപ് ആയിറങ്ങി മുംബൈ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറെ ഏഴാം ഓവറില്‍ കളിക്കാന്‍ ശ്രമിച്ച് ഹിറ്റ്‌ വിക്കറ്റായി മടങ്ങുകയായിരുന്നു. ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങിയതോടെ പകരംവെക്കാന്‍ ടൈറ്റന്‍സിന് ഒരു ലോകോത്തര വിക്കറ്റ് കീപ്പര്‍ ബാറ്ററില്ലാതെ പോയി എന്നാണ് മെന്‍ഡിസിന്‍റെ പാളിച്ചകള്‍ തെളിയിക്കുന്നത്. സ്‌കൂള്‍ ക്രിക്കറ്റ് നിലവാരം പോലും മെന്‍ഡിസ് കാഴ്ചവെച്ചില്ല എന്നാണ് ആരാധകരുടെ വിമര്‍ശനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം