ബെയ്‌ര്‍സ്റ്റോ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചപ്പോള്‍ സേവ് ചെയ്യാന്‍ ഇടത്തോട്ട് വായുവില്‍ മുഴുനീള ഡൈവ് നടത്തി സായ് സുദര്‍ശന്‍. പന്ത് സായ്‌യുടെ കയ്യില്‍ത്തട്ടി തെറിച്ചു...

ചണ്ഡിഗഢ്: ഒരു ക്യാച്ച് പൂര്‍ത്തിയാക്കിയത് രണ്ട് താരങ്ങള്‍ ചേര്‍ന്ന്! ഐപിഎല്‍ പതിനെട്ടാം സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ജോണി ബെയ്‌ര്‍സ്റ്റോയെ ഗുജറാത്ത് ടൈറ്റന്‍സ് പുറത്താക്കിയത് വണ്ടര്‍ ക്യാച്ചിലൂടെ. ബെയ്‌ര്‍സ്റ്റോയുടെ ഷോട്ടില്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്‍റെ മുഴുനീള ഡൈവിനൊടുവില്‍ തട്ടിത്തെറിച്ച പന്ത് പിടിച്ച് ജെറാള്‍ഡ് കോട്‌സി ക്യാച്ച് അവിശ്വസനീയമായി പൂര്‍ത്തിയാക്കുകയായിരുന്നു. 

മത്സരത്തില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കം മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മ്മ- ജോണി ബെയ്‌ര്‍സ്റ്റോ ഓപ്പണിംഗ് സഖ്യം നല്‍കിയിരുന്നു. മുംബൈ കുപ്പായത്തില്‍ ബെയ്‌ര്‍സ്റ്റോയുടെ അരങ്ങേറ്റ മത്സരമാണിത്. ഗുജറാത്ത് ടൈറ്റന്‍സ് സ്‌പിന്നര്‍ സായ് കിഷോര്‍ എറിഞ്ഞ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ ബെയ്‌ര്‍സ്റ്റോ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചപ്പോള്‍ സേവ് ചെയ്യാന്‍ ഇടത്തോട്ട് വായുവില്‍ മുഴുനീള ഡൈവ് നടത്തി സായ് സുദര്‍ശന്‍. പന്ത് സായ്‌യുടെ കയ്യില്‍ത്തട്ടി തെറിച്ചപ്പോള്‍ മീറ്ററുകള്‍ അകലെയുണ്ടായിരുന്ന ജെറാള്‍ഡ് കോട്‌സി ആ ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. തുടക്കം മുതല്‍ ഏറെ ക്യാച്ചുകള്‍ കൈവിട്ട് ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡര്‍മാര്‍ നാണംകെട്ട മത്സരത്തിലാണ് സായ്-കോട്‌സി സഖ്യത്തിന്‍റെ ഈ അവിശ്വസനീയ ക്യാച്ച് പിറന്നതെന്ന പ്രത്യേകതയുണ്ട്. 

Scroll to load tweet…

ഐപിഎല്‍ 2025ലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി സായ് സുദര്‍ശന്‍-ജെറാള്‍ഡ‍് കോട്‌സി സഖ്യത്തിന്‍റെ ഈ പ്രകടനം. 22 പന്തുകള്‍ ക്രീസില്‍ നിന്ന ജോണി ബെയ്‌ര്‍സ്റ്റോ നാല് ഫോറും മൂന്ന് സിക്‌സറും സഹിതം 47 റണ്‍സെടുത്താണ് മടങ്ങിയത്. ഈ സമയം മുംബൈ ഇന്ത്യന്‍സ് സ്കോര്‍ 7.2 ഓവറില്‍ 84 റണ്‍സിലെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം