എലിമിനേറ്റര്‍ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു 

മൊഹാലി: ഐപിഎല്‍ പതിനെട്ടാം സീസണിലെ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുമ്പ് നാടകീയ രംഗങ്ങള്‍. ടോസിന് ശേഷം ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലും മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഹസ്തദാനം ചെയ്തില്ല. 

ടേസ് നേടിയതിന് പിന്നാലെ കമന്‍റേറ്റര്‍ രവി ശാസ്ത്രിയിലേക്ക് പോസ്റ്റ്-ടോസ് ഇന്‍ററാക്ഷനായി പോവുകയായിരുന്നു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ഗില്ലിനെ ഹസ്തദാനം ചെയ്യാന്‍ പാണ്ഡ്യ ശ്രമിക്കുന്നതായി തോന്നി. ഗില്‍ തിരികെ കൈ കൊടുക്കാനും ഒരുങ്ങി. എന്നാല്‍ ഇതില്‍ നിന്ന് പിന്‍മാറി ഇരുവരും നടന്നകലുകയായിരുന്നു. ഹസ്തദാനം നടത്താതെയാണ് ഹാര്‍ദിക് പാണ്ഡ്യ ടോസിനെ കുറിച്ച് സംസാരിക്കാന്‍ രവി ശാസ്ത്രിക്ക് അരികിലെത്തിയത്. ഈ ദൃശ്യങ്ങള്‍ മൈതാനത്തെ ക്യാമറയില്‍ പതിഞ്ഞു. ടോസിന് ശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അരികിലെത്തി ബാറ്റിംഗ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡ് ഹസ്തദാനം ചെയ്യുന്നതും മൈതാനത്ത് കണ്ടു. എങ്ങനെയാണ് എതിര്‍ ടീം ക്യാപ്റ്റന് കൈകൊടുക്കേണ്ടത് എന്ന് പാണ്ഡ്യയെ പഠിപ്പിക്കുകയായിരുന്നു പൊള്ളാര്‍ഡ് എന്നാണ് ഇതിന് ആരാധകര്‍ കണ്ടെത്തിയ വിശദീകരണം.

Scroll to load tweet…

എലിമിനേറ്റര്‍ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഐപിഎല്‍ 2025ലെ പതിവില്‍ നിന്നും വ്യത്യസ്തമായ നീക്കമായി ഇത്. മുംബൈ മൂന്നും ഗുജറാത്ത് രണ്ടും മാറ്റങ്ങളുമായാണ് ജീവന്‍മരണ പോരാട്ടത്തില്‍ കളത്തിലെത്തിയത്. മുംബൈ ഇന്ത്യന്‍സിനായി ജോണി ബെയ്‌ര്‍സ്റ്റോയും റിച്ചാര്‍ഡ് ഗ്ലീസണും അരങ്ങേറ്റം കുറിക്കുമ്പോള്‍ രാജ് ബാവയും ഇന്ന് കളിക്കുന്നു. അതേസമയം ജോസ് ബട്‌ലര്‍ക്ക് പകരം വന്ന കുശാല്‍ മെന്‍ഡിസും, അര്‍ഷാദ് ഖാന് പകരക്കാരനായി വാഷിംഗ്‌ടണ്‍ സുന്ദറിന്‍റെ വരവുമാണ് ഗുജറാത്ത് പ്ലേയിംഗ് ഇലവനിലെ മാറ്റം. 

പ്ലേയിംഗ് ഇലവനുകള്‍

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ജോണി ബെയ്‌ര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, രാജ് ബാവ, മിച്ചല്‍ സാന്‍റ്‌നര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, റിച്ചാര്‍ഡ് ഗ്ലീസണ്‍

ഇംപാക്ട് സബ്: കൃഷ്‌ണന്‍ ശ്രീജിത്ത്, രഘു ശര്‍മ്മ, റോബിന്‍ മിന്‍സ്, അശ്വനി കുമാര്‍, റീസ് ടോപ്‌ലി. 

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ്‌ കിഷോര്‍, ജെറാള്‍ഡ് കോട്‌സെ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.

ഇംപാക്ട് സബ്: ഷെര്‍ഫേന്‍ റൂത്തര്‍ഫോഡ്, അനൂജ് റാവത്ത്, മഹിപാല്‍ ലോംറര്‍, ജയന്ത് യാദവ്, ആര്‍ഷാദ് ഖാന്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം