ഇന്ത്യക്കെതിരായ ടി20 മത്സരത്തിന് മുന്നോടിയായി വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ എന്നിവരെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് ജപ്പാൻ ക്രിക്കറ്റ് താരം അഭിഷേക് ആനന്ദ്. ബീഹാറിൽ ജനിച്ച അഭിഷേക് ജോലി ആവശ്യത്തിനായാണ് ജപ്പാനിലെത്തിയതും പിന്നീട് ദേശീയ ടീമിൽ ഇടം നേടിയതും. തന്റെ ബീഹാറി സഹോദരന്മാരെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരമിപ്പോൾ.

ടോക്കിയോ: നാളെ ഇന്ത്യക്കെതിരെ നടക്കുന്ന ഏക ടി20 മത്സരത്തിന് മുന്നോടിയായി വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ എന്നിവരെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യന്‍ വംശജനായ ജപ്പാന്‍ ക്രിക്കറ്റര്‍ അഭിഷേക് ആനന്ദ്. ബീഹാറില്‍ ജനിച്ച ആനന്ദ് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹം കാരണം ജപ്പാനിലേക്ക് ചേക്കേറുകയായിരുന്നു. നിലവില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം സൂര്യവംശിയാണെന്നും അവസരം ലഭിച്ചാല്‍ അവരെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിനെതിരെ കളിക്കുന്ന ജപ്പാന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ലെങ്കിലും, താരം ടീമിനൊപ്പം ഉണ്ടാകും.

അദ്ദേഹത്തിന്റെ വാക്കുകള്‍.... ''നിലവില്‍ എല്ലാവരുടെയും പ്രിയപ്പെട്ട താരം വൈഭവ് സൂര്യവംശിയാണ്. എന്നാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാരും ഒരുപോലെ മികച്ചവരാണ്. എന്റെ ബീഹാറി സഹോദരന്മാരായ ഇഷാന്‍ കിഷനെയും സൂര്യവംശിയെയും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ടീമിനെ ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഭാവിയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തമായി തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റിനോടുള്ള സ്‌നേഹമാണ് അഭിഷേകിനെ ഇന്ത്യയില്‍ നിന്ന് ജപ്പാനിലെത്തിച്ചത്. ''ജപ്പാനിലെ എന്റെ യാത്ര അവിശ്വസനീയമാണ്. ഞാന്‍ ജപ്പാന്‍ ടീമില്‍ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ കോളേജില്‍ പ്ലേസ്മെന്റുകള്‍ നടക്കുമ്പോള്‍ ജാപ്പനീസ് കമ്പനികള്‍ വന്നിരുന്നു. വിദേശത്ത് ജോലിക്ക് പോകുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. സെലക്ഷന്‍ ലഭിച്ചപ്പോള്‍ ഓഫര്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അദ്ദേഹത്തിന് രണ്ട് മണിക്കൂര്‍ സമയം ലഭിച്ചു. തുടര്‍ന്ന് ജപ്പാനിലെ ക്രിക്കറ്റ് സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചു.'' അഭിഷേക് വിശദമാക്കി.

അദ്ദേഹം തുടര്‍ന്നു... ''യാദൃശ്ചികമായി ആ വര്‍ഷം ജാപ്പനീസ് ടീം ഈസ്റ്റ് ഏഷ്യ-പേഷിഫിക് ലോകകപ്പ് യോഗ്യതാ മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നു. ജപ്പാനിലും ക്രിക്കറ്റിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ആ അവസരം ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയും രണ്ട് മണിക്കൂര്‍ സമയത്തിനൊടുവില്‍ ഓഫര്‍ സ്വീകരിച്ച് ജപ്പാനിലേക്ക് പോവുകയുമായിരുന്നു.'' അഭിഷേക് വ്യക്തമാക്കി. ജപ്പാനിലെത്തിയ അദ്ദേഹം ടോക്കിയോ ഫാല്‍ക്കണ്‍ ക്രിക്കറ്റ് ക്ലബ്ബിനായി കളിക്കുകയും ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് അദ്ദേഹത്തിന് ജാപ്പനീസ് ദേശീയ ടീമില്‍ നിന്ന് വിളിയെത്തിയത്.

YouTube video player