ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ യുസ്‌വേന്ദ്ര ചാഹലിനെ കരാറില്‍ നിന്നൊഴിവാക്കിയതാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
മുംബൈ: ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്ന് പുറത്താക്കിയതായിരുന്നു വലിയ വാര്‍ത്ത. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവാത്തതാണ് ഇരുവര്‍ക്കും കരാര്‍ നഷ്ടമാവാന്‍ കാരണമായത്. ഇരുവര്‍ക്കും പുറമെ വെറ്ററന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, ദീപക് ഹൂഡ എന്നിവരും കരാറില്‍ നിന്ന് പുറത്തായി. എന്നാല്‍ ശരിക്കും അത്ഭുതപ്പെടുത്തിയത് മറ്റൊരു താരത്തിന് കരാര്‍ നല്‍കാത്തതാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ യുസ്‌വേന്ദ്ര ചാഹലിനെ കരാറില്‍ നിന്നൊഴിവാക്കിയതാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. വെറ്ററന്‍ താരങ്ങളെ ഒഴിവാക്കിയത് ന്യായീകരിക്കാമെങ്കിലും ചാഹലിനെ ഒഴിവാക്കിയത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു, കരാറില്‍ നിന്ന് ഒഴിവാക്കിയതോടെ ഇനി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ചാഹലിന് നേരിയ സാധ്യത മാത്രമാണുള്ളത്. സെലക്ടര്‍മാര്‍ തനിക്ക് പകരം മറ്റ് താരങ്ങളെയാണ് ഇനി ടീമിലേക്ക് പരിഗണിക്കുക എന്നതിന്‍റെ വ്യക്തമായ സൂചനയാണ് ബിസിസിഐ ചാഹലിന് നല്‍കിയിരിക്കുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന സ്പിന്നര്‍മാരിലൊരാളായിരുന്നു ചാഹല്‍. കുല്‍ദീപ് യാദവിനൊപ്പം ഇരുവരും ചേര്‍ന്ന് വിജയകരമായി നടപ്പാക്കിയ കുല്‍ചാ സഖ്യം ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയില്‍ കളിച്ചശേഷം ചാഹലിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ടി20 പരമ്പരയിലെ മോശം പ്രകടനമായിരുന്നു ചാഹലിന് വിനയായത്.
പിന്നീട് സ്പിന്നര്‍മാരായി രവി ബിഷ്ണോയിയെയും കുല്‍ദീപ് യാദവിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയുംമെല്ലാം ടീമിലേക്ക് പരിഗമിച്ചെങ്കിലും ചാഹലിന് ഒരിക്കല്‍ പോലും അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറായില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ടീമിലും ചാഹലിന് അവസരമുണ്ടായിരുന്നില്ല. ഈ മാസം തുടങ്ങുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ ജൂണില്‍ നടക്കുന്ന ടി20 ടീമിലേക്ക് ചാഹലിനെ പരിഗണിക്കാനിടയുള്ളു.
