സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ്

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ സ്‌ഫോടനം(Explosion inside Kabul Cricket Stadium). സ്‌ഫോടനത്തില്‍(Kabul Blast) നാല് പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്‌തു. താരങ്ങളും സ്റ്റാഫും സുരക്ഷിതരാണ് എന്നും റോയിട്ടേര്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഫോടനത്തെ തുടര്‍ന്ന് മത്സരം ഏറെനേരം തടസപ്പെട്ടു. 

'അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ഷജീസ ടി20 ടൂര്‍ണമെന്‍റിലെ മത്സരം പുരോഗമിക്കവേയാണ് സ്റ്റേഡിയത്തിനുള്ളില്‍ സ്‌ഫോടനം നടന്നത്. മത്സരം കാണാനെത്തിയ ആരാധകരില്‍ നാല് പേര്‍ക്കാണ് പരിക്കേറ്റത്' എന്നും അഫ്‌‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് നസീബ് ഖാന്‍ വ്യക്തമാക്കി. 

സ്‌ഫോടനശബ്‌ദം കേട്ടതും ഗാലറിയിലുണ്ടായിരുന്ന കാണികള്‍ നാലുപാടും ചിതറിയോടി. ഉടനെ താരങ്ങളും സ്റ്റാഫും സുരക്ഷിത ഇടത്തേക്ക് മാറി. സംഭവത്തിന്‍റെ നിരവധി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റേഡിയത്തില്‍ ഗ്രനേഡാണ് പൊട്ടിത്തെറിച്ചത് എന്ന് കാബൂള്‍ പൊലീസ് വക്‌താവ് ഖാലിദ് സദ്രാന്‍ വ്യക്തമാക്കി. സ്ഫോടനത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 

അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ടി20 ടൂര്‍ണമെന്‍റാണ് ഷജീസ ക്രിക്കറ്റ് ലീഗ്. എട്ട് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ലീഗില്‍ ദേശീയ ടീമിലെ താരങ്ങളും വിദേശ എ ടീം താരങ്ങളും അണ്ടര്‍ 19 താരങ്ങളും അഫ്‌ഗാനിലെ പ്രാദേശിക ക്രിക്കറ്റ് താരങ്ങളും മത്സരിക്കുന്നു. ഡ്രാഫ്റ്റിലൂടെ താരങ്ങളെ കണ്ടെത്തി തന്നെയാണ് ഷജീസ ക്രിക്കറ്റ് ലീഗ് അഫ്‌ഗാന്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നത്. 2013ലാണ് ഐപിഎല്‍ മാതൃകയില്‍ ഷജീസ ക്രിക്കറ്റ് ലീഗ് ആരംഭിച്ചത്. തുടക്കത്തില്‍ അഞ്ച് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്‍റിലുണ്ടായിരുന്നത്. 

ഇന്ത്യക്ക് ഒന്നല്ല, രണ്ട് ഠാക്കൂര്‍! 4 ഓവര്‍, 16 ഡോട് ബോള്‍, 18 റണ്‍സ്, 4 വിക്കറ്റ്; രേണുക സിംഗിന് അഭിനന്ദനം