പവര്‍പ്ലേയില്‍ ഓസീസ് വനിതകളുടെ ടോപ് ഫോറിനെ അതിവേഗം യാത്രയാക്കുകയായിരുന്നു രേണുക സിംഗ് ഠാക്കൂര്‍

ബര്‍മിങ്ഹാം: വനിതാ ക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍(Australian Women Cricket Team) കരുത്തിനെ കുറിച്ച് ഗെയിമിന്‍റെ ബാലപാഠം അറിയാവുന്നവര്‍ക്ക് പോലും വ്യക്തമായി അറിയാവുന്നതാണ്. പേരുകേട്ട ബാറ്റര്‍മാരും ഓള്‍റൗണ്ടര്‍മാരും ബൗളര്‍മാരുമുള്ള ഹിമാലയന്‍ ടീമാണ് ഓസീസ് വനിതകള്‍. അത്തരമൊരു ടീമിനെ രേണുക സിംഗ് ഠാക്കൂര്‍(RenukaSingh) എന്ന ഇന്ത്യന്‍ പേസര്‍ വിസ്‌മയ സ്‌പെല്ലുകൊണ്ട് പവര്‍പ്ലേയില്‍ പഞ്ഞിക്കിടുന്നതാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍(Commonwealth Games Women's Cricket 2022) ആരാധകര്‍ കണ്ടത്. 

പവര്‍പ്ലേയില്‍ ഓസീസ് വനിതകളുടെ ടോപ് ഫോറിനെ അതിവേഗം യാത്രയാക്കുകയായിരുന്നു രേണുക സിംഗ് ഠാക്കൂര്‍. പവര്‍പ്ലേയ്‌ക്കിടെ മൂന്ന് ഓവര്‍ എറിഞ്ഞപ്പോള്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് പേസര്‍ കൊയ്യുകയായിരുന്നു. ഓസീസ് ഓപ്പണര്‍മാരായ അലീസ ഹീലി(2 പന്തില്‍ 0), ബെത് മൂണി(9 പന്തില്‍ 10), മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മെഗ്‌ ലാന്നിംഗ്‌(5 പന്തില്‍ 8), തഹ്‌ലിയ മഗ്രാത്ത്(8 പന്തില്‍ 14) എന്നീ ടോപ് ഫോര്‍ ബാറ്റര്‍മാരെയാണ് രേണുക സിംഗ് പുറത്താക്കിയത്. ഇവരില്‍ മൂണിയും തഹ്‌ലിയയും ബൗള്‍ഡാവുകയായിരുന്നു. തന്‍റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാകുമ്പോള്‍ 18 റണ്ണിന് നാല് വിക്കറ്റ് എന്നതായി രേണുവിന്‍റെ സ്റ്റാറ്റസ്. 16 ഡോട് ബോളുകള്‍ രേണുക എറിഞ്ഞു എന്നതും ശ്രദ്ധേയം. 

മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റിന് തോറ്റെങ്കിലും രേണുക സിംഗ് ഠാക്കൂറിന്‍റെ വിസ്‌മയ സ്‌പെല്ലിന് പ്രശംസാപ്രവാഹമാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ വരെ രേണുകയെ പ്രശംസിച്ച് രംഗത്തെത്തി. നിരവധി ആരാധകരും രേണുകയെ വാഴ്‌ത്തിപ്പാടി. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

എന്നിട്ടും നിരാശ

മറുപടി ബാറ്റിംഗില്‍ 49 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണിട്ടും മധ്യനിരയുടേയും വാലറ്റത്തിന്‍റേയും കരുത്തില്‍ ഓസീസ് വനിതകള്‍ മൂന്ന് വിക്കറ്റിന് വിജയിച്ചു. ഇന്ത്യയുടെ 154 റണ്‍സ് ഓസീസ് 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. ആഷ്‌ലി ഗാര്‍ഡ്‌നര്‍(35 പന്തില്‍ 52*), ഗ്രേസ് ഹാരിസ്(20 പന്തില്‍ 37), അലാന കിംഗ്(16 പന്തില്‍ 18*) എന്നിവരാണ് ഓസീസിന് ടൂര്‍ണമെന്‍റിലെ ആദ്യ ജയമൊരുക്കിയത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ(34 പന്തില്‍ 52) അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി. 

ഓസീസ് വനിതകളുടെ തലതകര്‍ത്ത നാല് വിക്കറ്റ്, വണ്ടര്‍ സ്‌പെല്‍; രേണുക സിംഗിന് റെക്കോര്‍ഡ്