നാഗ്‌പൂരില്‍ വേണ്ടത് ഒരൊറ്റ വിക്കറ്റ്; ഒന്നിലധികം റെക്കോര്‍ഡുകള്‍ കടപുഴക്കി എറിയാന്‍ അശ്വിന്‍
പരമ്പരയില്‍ ഓസീസിന്‍റെ നിര്‍ണായക സ്‌പിന്നറായ നേഥന്‍ ലിയോണിനേയും കാത്ത് നേട്ടമുണ്ട്

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസീസിന് ഏറ്റവും വലിയ ഭീഷണികളിലൊന്നാകുമെന്ന് വിലയിരുത്തപ്പെടുന്ന ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ സുപ്രധാന നേട്ടങ്ങള്‍ക്കരികെ. ടെസ്റ്റില്‍ 450 വിക്കറ്റുകള്‍ തികയ്ക്കാന്‍ അശ്വിന് ഒരാളെ കൂടി പുറത്താക്കിയാല്‍ മതി. ടെസ്റ്റില്‍ 450 വിക്കറ്റ് ക്ലബിലെത്തുന്ന ഒന്‍പതാം താരമാകും ഇതോടെ അശ്വിന്‍. നാഗ്‌പൂരില്‍ ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ വിക്കറ്റ് നേടിയാല്‍ അശ്വിന് മറ്റൊരു സുവര്‍ണ നേട്ടവും സ്വന്തമാകും. ഏറ്റവും വേഗത്തില്‍ 450 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് അശ്വിനെ കാത്തിരിക്കുന്നത്. 88 ടെസ്റ്റ് മത്സരങ്ങളില്‍ 449 വിക്കറ്റാണ് അശ്വിന്‍റെ സമ്പാദ്യം. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് അശ്വിന്‍ നിലവിലുള്ളത്.
ഓസ്ട്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡാണ് ആര്‍ അശ്വിനുള്ളത്. കങ്കാരുക്കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ നിലവില്‍ മൂന്നാമതുണ്ട് അശ്വിന്‍. 18 കളിയില്‍ 89 വിക്കറ്റാണ് അശ്വിന്‍റെ കീശയിലുള്ളത്. 20 ടെസ്റ്റില്‍ 111 വിക്കറ്റുമായി അനില്‍ കുംബ്ലെയും 18 മത്സരങ്ങളില്‍ 95 പേരെ പുറത്താക്കിയ ഹര്‍ഭജന്‍ സിംഗുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കുംബ്ലെ പത്തും ഭാജി ഏഴും അശ്വിന്‍ അഞ്ചും തവണ ഓസീസിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌തിട്ടുണ്ട്. 103 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്‌ത്തിയതാണ് സന്ദര്‍ശകര്‍ക്കെതിരെ അശ്വിന്‍റെ ഏറ്റവും മികച്ച പ്രകടനം.
ലിയോണും നാഴികക്കല്ലിനരികെ
പരമ്പരയില്‍ ഓസീസിന്‍റെ നിര്‍ണായക സ്‌പിന്നറായ നേഥന്‍ ലിയോണിനേയും കാത്ത് നേട്ടമുണ്ട്. ആറ് വിക്കറ്റ് സ്വന്തമാക്കിയാല്‍ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ലിയോണിനാകും. 22 മത്സരങ്ങളില്‍ 94 വിക്കറ്റാണ് ലിയോണിന്‍റെ സമ്പാദ്യം. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തേയും ആദ്യത്തെ ഓസീസ് താരവുമാകാനാണ് ലിയോണ്‍ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്‌സണ്‍(35 മത്സരങ്ങളില്‍ 139 വിക്കറ്റ്), ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍(22 കളിയില്‍ 105 വിക്കറ്റ്) എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ വിദേശ ബൗളര്‍മാര്‍.
ആഷസിനേക്കാള്‍ വലിയ തീപ്പോര്; ഇന്ത്യ-ഓസീസ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി കാണാനുള്ള മാര്‍ഗങ്ങള്‍