വിമർശനങ്ങള്‍ക്കിടയിലും അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‍ക്വാഡില്‍ കെ എല്‍ രാഹുലിനെ നിലനിർത്തിയിരുന്നു

ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടെസ്റ്റിനായി ഇന്‍ഡോറില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇന്‍ഡോറിലെ ഹോള്‍ക്കർ സ്റ്റേഡിയത്തില്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, കെ എസ് ഭരത് തുടങ്ങിയ താരങ്ങള്‍ ഇന്നലെ ഞായറാഴ്ച പരിശീലനം നടത്തിയിരുന്നു. ഇന്ന് കൂടുതല്‍ താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. മൂന്നാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണം എന്ന് ആരാധകർ ആവശ്യപ്പെടുന്ന കെ എല്‍ രാഹുലിന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രത്യേക പരിശീലനം നല്‍കി എന്നാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. ഒരു അവസരം കൂടി രാഹുലിന് ടീം മാനേജ്മെന്‍റ് നല്‍കുമോ എന്ന സംശയം ഇതുണർത്തുന്നു. രാഹുലിനെ ഉള്‍പ്പെടുത്തിയാല്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ വീണ്ടും പുറത്തിരിക്കേണ്ടിവരും. 

വിമർശനങ്ങള്‍ക്കിടയിലും അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‍ക്വാഡില്‍ കെ എല്‍ രാഹുലിനെ നിലനിർത്തിയിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി. അവസരം കാത്ത് ശുഭ്മാന്‍ ഗില്‍ പുറത്തിരിക്കുമ്പോഴാണ് രാഹുലിന് ടീം നിരവധി അവസരങ്ങള്‍ ഇതിനകം നല്‍കിയത്. അവസാന 10 ഇന്നിംഗ്‌സുകളില്‍ 23 ആണ് കെ എല്‍ രാഹുലിന്‍റെ ഉയര്‍ന്ന സ്കോര്‍. താരത്തിന് ഇതുവരെ 30+ സ്കോര്‍ കണ്ടെത്താനായിട്ടില്ല. 8, 12, 10, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയായിരുന്നു അവസാന 10 ഇന്നിംഗ്‌സുകളിലെ സ്കോറുകള്‍. 2018 മുതല്‍ 47 ഇന്നിംഗ്‌സുകളില്‍ 36.36 ശരാശരി മാത്രമേ രാഹുലിനുള്ളൂ. മൂന്ന് സെഞ്ചുറികള്‍ മാത്രമാണ് ഇക്കാലയളവില്‍ നേടിയത്. 

ഇന്‍ഡോറിലും അഹമ്മദാബാദിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുലിന് പകരം ശുഭ്‌മാന്‍ ഗില്ലിനെ കളിപ്പിക്കണം എന്ന ആവശ്യം ഇതിനകം ശക്തമാണ്. എങ്കിലും രാഹുലിന് ടീം മാനേജ്മെന്‍റിന്‍റെ പിന്തുണയുണ്ട്. കെ എല്‍ രാഹുല്‍ വിദേശ പിച്ചുകളില്‍ പുറത്തെടുത്ത പ്രകടനം ചൂണ്ടിക്കാട്ടി നായകന്‍ രോഹിത് ശർമ്മ ദില്ലി ടെസ്റ്റിന് ശേഷം രംഗത്തെത്തിയിരുന്നു. 

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്. 

അമ്മയ്ക്ക് അർബുദം, കമ്മിന്‍സിന് ഏകദിന പരമ്പരയും നഷ്‍ടമായേക്കും; പൂർണ പിന്തുണയുമായി ഓസീസ് സഹതാരങ്ങള്‍