ഓസീസിന് കനത്ത തിരിച്ചടി; നാഗ്‌പൂരില്‍ സൂപ്പര്‍ താരം കളിക്കില്ലെന്ന് സൂചിപ്പിച്ച് കമ്മിന്‍സ്
നിലവിലെ ഓസീസ് ടെസ്റ്റ് ടീമിനെ സന്തുലിതമാക്കുന്ന താരമാണ് 23കാരനായ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍

ബെംഗളൂരു: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് നഷ്‌ടമായേക്കും. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ വിരലിന് പൊട്ടലേറ്റ ഗ്രീനിന് വരും ദിവസങ്ങളിലെ ആരോഗ്യ പുരോഗതി നിര്‍ണായകമാകുമെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സൂചിപ്പിച്ചതോടെയാണിത്. 'ആദ്യ ടെസ്റ്റില്‍ ഗ്രീന്‍ പന്തെറിയില്ല എന്ന് എനിക്കറിയാം. വരും ആഴ്‌ച താരത്തിന് ഏറെ നിര്‍ണായകമാണ്. സുഖംപ്രാപിച്ച് തുടങ്ങിയാല്‍ വേഗം മാറുന്ന പരിക്കാണ് ഗ്രീനിന് സംഭവിച്ചത്. അടുത്ത ആഴ്‌ചയോടെ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ' എന്നും പാറ്റ് കമ്മിന്‍സ് ഫോക്‌സ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
നിലവിലെ ഓസീസ് ടെസ്റ്റ് ടീമിനെ സന്തുലിതമാക്കുന്ന താരമാണ് 23കാരനായ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ഗ്രീന്‍ ടീമിലുണ്ടെങ്കില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയും രണ്ട് സ്‌പിന്നര്‍മാരെയും ഓസീസിന് ഇന്ത്യക്കെതിരെ കളിപ്പിക്കാം. ഗ്രീന്‍ മൂന്നാം സീമറായി വരുന്നതിനാലാണിത്. നാഗ്‌പൂര്‍ ടെസ്റ്റില്‍ പന്തെറിയില്ല എന്നുറപ്പുള്ളതിനാല്‍ ഗ്രീനിന് പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഓസീസിനായി 18 ടെസ്റ്റില്‍ 806 റണ്‍സും 23 വിക്കറ്റും 23കാരനായ ഗ്രീനിനുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം നാഗ്‌പൂരില്‍ ഒന്‍പതാം തിയതിയാണ് ആരംഭിക്കുന്നത്.
ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.
ഉറുമി വീശും പോലൊരു ഫോർ, അതും ഒറ്റകൈ കൊണ്ട് റിവേഴ്സ് സ്വീപ്പിലൂടെ; വിഹാരി വേറെ ലെവല്‍- വീഡിയോ