Asianet News MalayalamAsianet News Malayalam

ഉറുമി വീശും പോലൊരു ഫോർ, അതും ഒറ്റകൈ കൊണ്ട് റിവേഴ്സ് സ്വീപ്പിലൂടെ; വിഹാരി വേറെ ലെവല്‍- വീഡിയോ

രണ്ടാം ഇന്നിംഗ്സില്‍ ആന്ധ്രാ താരങ്ങളിലെ മൂന്നാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് വിഹാരിയുടെ 15 റണ്‍സ്

Watch Hanuma Vihari uses bat like a sword and hits reverse sweep fours jje
Author
First Published Feb 2, 2023, 10:09 PM IST

ഇന്‍ഡോർ: ഒരിക്കൽ കൂടി നിശ്ചയദാര്‍ഢ്യത്തിന്‍റെ മറുപേരായിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ഹനുമാൻ വിഹാരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കൈത്തണ്ടയ്ക്ക് പൊട്ടലേറ്റിട്ടും ടീമിനായി ബാറ്റ് ചെയ്താണ് താരം കയ്യടി നേടിയത്. മധ്യപ്രദേശിനെതിരെ ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സില്‍ ഇടംകൈയനായി ബാറ്റ് ചെയ്ത വിഹാരി ഒറ്റകൈയില്‍ ബാറ്റ് പിടിച്ച് റിവേഴ്സ് സ്വീപ്പ് ഫോർ നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയും ചെയ്തു. 

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിന്‍റെ ആദ്യ ദിനത്തിലാണ് പേസർ ആവേശ് ഖാന്‍റെ ബൗണ്‍സര്‍ കൊണ്ട് ആന്ധ്രപ്രദേശ് ക്യാപ്റ്റനായ ഹനുമാൻ വിഹാരിയുടെ ഇടത് കൈത്തണ്ടയ്ക്ക് പൊട്ടലേറ്റത്. വേദനകൊണ്ട് പുളഞ്ഞ താരം ബാറ്റിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങി. സ്‍കാനിംഗിൽ വിഹാരിയുടെ പരിക്ക് ഗുരുതമാണെന്ന് കണ്ടെത്തിയ ഡോക്ടർ ആറ് ആഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ദിനം ആന്ധ്ര ടീമിന്‍റെ ഒമ്പതാം വിക്കറ്റ് നഷ്ടമായതോടെ വിഹാരി വീണ്ടും ക്രീസിലെത്തി. വലംകൈയനായ വിഹാരി കയ്യിൽ ബാൻഡേജുമായി ഇടംകൈയനായാണ് രണ്ടാംവരവില്‍ ബാറ്റ് ചെയ്തത്. ഐതിഹാസിക പോരാട്ടവീര്യം കാഴ്ചവെച്ച് അവസാന വിക്കറ്റിൽ 26 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് താരം മടങ്ങിയത്.

രണ്ടാം ഇന്നിംഗ്സിലും ഹനുമാ വിഹാരിക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നു. ടീം 76 റണ്‍സിന് 9 വിക്കറ്റ് നഷ്ടമായി നില്‍ക്കേയാണ് വിഹാരി ക്രീസിലെത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ പതിനൊന്നാമനായി ക്രീസിലെത്തിയ താരം 16 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 15 റണ്‍സ് നേടി പോരാട്ടം കാഴ്ചവെച്ചു. ഇതിലൊരു ഷോട്ടാണ് ഉറുമി ഉപയോഗിച്ച് വീശുന്ന തരത്തില്‍ ഒറ്റകൈ കൊണ്ട് റിവേഴ്സ് സ്വീപ്പ് കളിച്ച് വിഹാരി ഫോർ നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ ആന്ധ്രാ താരങ്ങളിലെ മൂന്നാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് വിഹാരിയുടെ 15 റണ്‍സ്. 

വിഹാരിയുടെ ഈ പോരാട്ട വീര്യം ക്രിക്കറ്റ് ലോകം കണ്‍കുളിർക്കേ അനുഭവിക്കുന്നത് ഇതാദ്യമല്ല. 2021ൽ ഓസ്ട്രേലിക്കെതിരെ സിഡ്‍നി ടെസ്റ്റില്‍ പേശീവലിവ് അതിജീവിച്ച് ഇന്ത്യക്ക് ജയത്തോളം പോന്ന സമനില വിഹാരി സമ്മാനിച്ചിരുന്നു. അശ്വിനെ കൂട്ടുപിടിച്ച് 43 ഓവറാണ് വിഹാരി അന്ന് പിടിച്ചുനിന്നത്. ഇന്‍ഡോറിലെ വിഹാരിയുടെ നിശ്ചയദാര്‍ഢ്യത്തിന് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനപ്രവാഹമാണ്. ഇന്ത്യൻ താരം ദിനേഷ് കാര്‍ത്തിക് അടക്കമുള്ളവരാണ് വിഹാരിക്ക് സല്യൂട്ട് അടിച്ച് പോസ്റ്റിട്ടിരിക്കുന്നത്.

പരിക്കിനോട് പോകാന്‍ പറ; ഇടംകൈയനായി നിന്ന് ഒറ്റകൈ കൊണ്ട് വിഹാരിയുടെ അവിശ്വസനീയ ബാറ്റിംഗ്!

Follow Us:
Download App:
  • android
  • ios