മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യയുടെ പുതിയ നായകന്‍ അജിങ്ക്യാ രഹാനെക്ക് പിന്തുണയുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന രഹാനെ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.

രഹാനെയുടെ ശാന്തതയും പക്വതയും അദ്ദേഹത്തിന്‍റെ ബലഹീനതകളായി കാണുന്നവരുണ്ട്. എന്നാല്‍ കോലിയോളം ആക്രമണോത്സുകനായ നായകനാണ് രഹാനെയെന്നും സച്ചിന്‍ പറഞ്ഞു. രഹാനെ മുമ്പും ഇന്ത്യയെ നയിച്ചിട്ടുണ്ട്. രഹാനെയുടെ ശാന്ത സ്വഭാവം കണ്ട് അദ്ദേഹം ആക്രമണോത്സുകനല്ലെന്ന് ആരും തെറ്റിദ്ധരിക്കരുത്.

ഓരോ വ്യക്തിയും ആക്രമണോത്സുത കാണിക്കുന്നത് വെവ്വേറെ രീതികളിലാണ്. അതുകൊണ്ടുതന്നെ രഹാനെ ആക്രമണോത്സുകനല്ലെന്ന് അര്‍ത്ഥമില്ല. പൂജാരയുടെ തന്നെ ഉദാഹരണം എടുക്കാം. അദ്ദേഹം വളരെ ശാന്ത സ്വഭാവിയാണ്. ക്രീസിലെത്തിയാല്‍ അദ്ദേഹം തന്‍റെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചാണ് മുന്നേറുന്നത്. പക്ഷെ ടീമിലെ മറ്റ് താരങ്ങളെപ്പോലെ പ്രധാനപ്പെട്ട കളിക്കാരനാണ് അദ്ദേഹവും.

ഓരോ സാഹചര്യങ്ങളോടും ഓരോരുത്തരും വ്യത്യസ്തരായാണ് പ്രതികരിക്കുക. പക്ഷെ എല്ലാവരുടെയും ലക്ഷ്യം  ഇന്ത്യയെ ജയിപ്പിക്കുക എന്നുതന്നെയാണ്.  അവിടെയെത്താനുള്ള മാര്‍ഗം മാത്രമെ വ്യത്യാസപ്പെടുന്നുള്ളു. അതുപോലെ രഹാനെയുടെ ശൈലിയും തന്ത്രങ്ങളും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. ടീം മാനേജ്മെന്‍റാണ് കളിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റിംഗ്, ബൗളിംഗ് ലൈനപ്പുകള്‍ തീരുമാനിക്കേണ്ടതും പിച്ചും മറ്റ് പലഘടകങ്ങളും കണക്കിലെടുത്ത് തന്ത്രങ്ങള്‍ മെനയേണ്ടതുമെന്നും സച്ചിന്‍ പറഞ്ഞു.

ശനിയാഴ്ച മെല്‍ബണിലാണ് ഓസ്ഡട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുക. ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയതിനാല്‍ അജിങ്ക്യാ രഹാനെയാണ് ശേഷിക്കുന്ന ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്.