ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി

മുംബൈ: വിരാട് കോലിക്ക് (Virat Kohli) രണ്ട് വർഷം കൂടി ഇന്ത്യൻ ടെസ്റ്റ് ടീമിനെ (Indian Test Team) നയിക്കാൻ കഴിയുമായിരുന്നുവെന്ന് മുൻ കോച്ച് രവി ശാസ്ത്രി (Ravi Shastri). ടെസ്റ്റ് ടീമിന്‍റെ പുതിയ നായകനായി രോഹിത് ശർമ്മയെ (Rohit Sharma) നിയമിക്കണമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെ കുറിച്ചും അദേഹത്തിന്‍റെ പിന്‍ഗാമി ആരായിരിക്കുമെന്ന ചര്‍ച്ചയും സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ശാസ്‌ത്രിയുടെ പ്രതികരണം. 

'കോലിയുടെ ക്യാപ്റ്റൻസിക്ക് വെല്ലുവിളികൾ ഒന്നുമുണ്ടായിരുന്നില്ല. 68 ടെസ്റ്റിൽ നാൽപതിലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. കോലി സ്ഥാനം ഒഴിഞ്ഞതിനാൽ വൈസ് ക്യാപ്റ്റനായ രോഹിത്തിന് ക്യാപ്റ്റൻ സ്ഥാനം നൽകാമെന്നും' ശാസ്ത്രി പറഞ്ഞു. ടെസ്റ്റ് ടീം നായകനായി റിഷഭ് പന്തിനെയും പരിഗണിക്കാമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടും. നേരത്തേ റിഷഭിനെ ടെസ്റ്റ് നായകനാക്കണമെന്ന് ഇതിഹാസ താരം സുനിൽ ഗാവസ്‌കറും അഭിപ്രായപ്പെട്ടിരുന്നു. 

ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. ആകെ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതിയ കോലി ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യ പരമ്പര ജയത്തിനരികെ കാലിടറി വീണതിന് പിന്നാലെ രാജിവയ്ക്കുകയായിരുന്നു. 

ഇതോടെ മൂന്ന് ഫോർമാറ്റിലും നായകപദവിയില്‍ നിന്ന് കിംഗ് കോലിയുടെ പടിയിറക്കം പൂർത്തിയായി. ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ കോലിയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. 

SA vs IND : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സമ്പൂര്‍ണ പരാജയം; നാണക്കേടിന്റെ കുഴിയില്‍ ടീം ഇന്ത്യ