മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറെക്കാള്‍ മികച്ച ബാറ്റ്സ്‌മാന്‍ ബ്രയാന്‍ ലാറയെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. മുംബൈയില്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മഗ്രാത്തിന്‍റെ പ്രശംസ. 

ആര്‍ക്കെതിരെയാണ് ബൗള്‍ ചെയ്യാന്‍ കൂടുതല്‍ കടുപ്പം എന്ന ചോദ്യത്തിന് മഗ്രാത്തിന്‍റെ മറുപടി ഇങ്ങനെ. 'അത് ലാറയാണ്. ലാറ ഒരിക്കലും അദേഹത്തിന്‍റെ ശൈലി മാറ്റിയിരുന്നില്ല. 15 തവണ അദേഹത്തെ എനിക്ക് പുറത്താക്കാനായി. എന്നാല്‍ ഞാനും വോണും ഒന്നിച്ചുകളിക്കുന്ന കാലത്ത് അദേഹം വലിയ സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും ഞങ്ങള്‍ക്കെതിരെ അടിച്ചുകൂട്ടി. ലാറ അദേഹത്തിന്‍റെ ദിനങ്ങളില്‍ വിസ്‌മങ്ങള്‍ കാട്ടും. സച്ചിനും മികച്ച താരമാണ്. എന്നാല്‍ സച്ചിനെതിരെ പന്തെറിയുന്നതിനേക്കാള്‍ അല്‍പം കടുപ്പമാണ് ലാറയെ നേരിടുന്നത്. ലാറ കൂടുതല്‍ നിര്‍ഭയനാണ്' എന്നും മഗ്രാത്ത് വ്യക്തമാക്കി. 

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാര്‍?

സമകാലിക ക്രിക്കറ്റിലെ മികച്ച പേസര്‍മാര്‍ ആരെന്ന ചോദ്യത്തിന് രസകരമായിരുന്നു മഗ്രാത്തിന്‍റെ മറുപടി. ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ പേരാണ് മഗ്രാത്ത് ചിരിച്ചുകൊണ്ട് ആദ്യം പറഞ്ഞത്. എന്നാല്‍, ഗൗരവമായി പറഞ്ഞാല്‍ പാറ്റ് കമ്മിന്‍സ്, ജസ്‌പ്രീത് ബുമ്ര, കാഗിസോ റബാഡ എന്നിവരാണ് മികച്ചവരെന്നും മഗ്രാത്ത് വ്യക്തമാക്കി. നീല്‍ വാഗ്‌നറെയും ഇഷ്‌ടമാണ് എന്നും മഗ്രാത്ത് പറഞ്ഞു.

എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഗ്രാത്ത് 124 ടെസ്റ്റില്‍ 563 വിക്കറ്റും 250 ഏകദിനത്തില്‍ 381 വിക്കറ്റും വീഴ്‌ത്തി. 2007ല്‍ വിരമിച്ച ശേഷം മൈതാനത്തിന് പുറത്തെ പ്രവര്‍ത്തനങ്ങളിലാണ് മഗ്രാത്ത് കൂടുതല്‍ സജീവം. കോര്‍പ്പറേറ്റ് പ്രഭാഷകന്‍, എംആര്‍എഫ് പേസ് ഫൗണ്ടഷനിലെ പേസ് ഗുരു, ടൂറിസം അംബാസിഡര്‍, ഓസ്‌ട്രേലിയയിലെ അര്‍ബുദ ചികിത്സാരംഗത്ത് ശ്രദ്ധേയമായ മഗ്രാത്ത് ഫൗണ്ടേഷന്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ മഗ്രാത്ത് സജീവമാണ്.