മുംബൈ:ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ലോകകപ്പില്‍ എല്ലാ ടീമുകളും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാടുപെടുമെന്നും ആതിഥേയരെന്ന നിലയില്‍ ഓസ്ട്രേലിയയും കരുത്തരാണെന്നും ലാറ പറഞ്ഞു.

ഇന്ത്യയെയും വെസ്റ്റ് ഇന്‍ഡീസിനെയുമാകും ലോകകപ്പില്‍ ഓസ്ട്രേലിയ ഏറ്റവുമധികം ഭയക്കേണ്ടിവരികയെന്നും ലാറ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസാകട്ടെ സ്ഥിരതയില്ലായ്മമൂലം എല്ലാവരെയും ഭയക്കേണ്ടിവരുമെന്നും റോഡ് സേഫ്റ്റി സീരീസ് ടി20 ടൂര്‍ണമെന്റിനായി ഇന്ത്യയിലെത്തിയ ലാറ പറഞ്ഞു.

രണ്ട് തവണ ലോക ടി20 കിരീടം നേടിയ ഒരേയൊരു ടീമാണ് വെസ്റ്റ് ഇന്‍ന്‍ഡീസ്. ഇന്ത്യ ഒരു തവണയും ജയിച്ചു. ഓസ്ട്രേലിയക്കാകട്ടെ ഇതുവരെ ടി20 ലോകകപ്പില്‍ കിരീടം നേടാനായിട്ടില്ല. കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ റോഡ് സേഫ്റ്റി ടി20 വേള്‍ഡ് സീരിസ് റദ്ദാക്കിയിരുന്നു.