മെല്‍ബണ്‍: അങ്ങനെ എലിസ് പെറിയുടെ രസകരമായ വെല്ലുവിളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏറ്റെടുത്തു, അതും ബൗണ്ടറിയോടെ. ബുഷ്‌ഫയര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നേരിട്ട ആദ്യ പന്ത് ബൗണ്ടറി പറത്തിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കലിന് ശേഷമുള്ള മത്സരം ആഘോഷമാക്കിയത്. 

പോണ്ടിംഗ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മിലുള്ള മത്സരത്തിന്‍റെ ഇടവേളയില്‍ ഓസീസ് ഓള്‍റൗണ്ടര്‍ എലിസ് പെറിക്കെതിരെയായിരുന്നു സച്ചിന്‍റെ ഫോര്‍. പെറിയുടെ നേതൃത്വത്തില്‍ ഓസീസ് വനിതാ ടീമാണ് ഫീല്‍ഡിംഗിന് ഇറങ്ങിയത്.  

സച്ചിന് പന്തെറിയാന്‍ ആഗ്രഹമുള്ളതായി എലിസ് നേരത്തെ ട്വീറ്റ് ചെയ്തതോടെയാണ് ബുഷ്‌ഫയര്‍ മത്സരത്തിനിടെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിംഗ് ആരാധകര്‍ക്ക് കാണാനായത്. 'ബുഷ്‌ഫയര്‍ ക്രിക്കറ്റ് മത്സരത്തെ പിന്തുണയ്‌ക്കാന്‍ സച്ചിനെത്തുന്നത് അഭിമാനകരമാണ്. മത്സരത്തിലെ ഒരു ടീമിനെ നിങ്ങള്‍ പരിശീലിപ്പിക്കുന്നു എന്നറിയുന്നു. മത്സരത്തിന്‍റെ ഇടവേളയില്‍ സച്ചിനൊപ്പം ഒരു ഓവര്‍ ഞങ്ങള്‍ക്ക് കളിക്കാന്‍ കഴിഞ്ഞാല്‍ അത് മഹത്തരമായിരിക്കും. വനിതാ ടീമിലെ കുറച്ച് താരങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ ആശയം ഉള്‍ത്തിരിഞ്ഞത്. ഞങ്ങളുടെ കുറച്ച് പന്തുകളെങ്കിലും നിങ്ങള്‍ ബൗണ്ടറിയിലേക്ക് പറത്തുമെന്നുറപ്പാണ്' എന്നായിരുന്നു എലിസയുടെ ട്വീറ്റ്.

എലിസിന്‍റെ ആവശ്യത്തിന് സച്ചിന്‍ ഉടന്‍തന്നെ മറുപടി കൊടുത്തു. 'മഹത്തായ ആംഗ്യമാണിത്. ഒരോവര്‍ ബാറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആവശ്യമായ തുക മത്സരത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ' എന്നുമായിരുന്നു സച്ചിന്‍റെ മറുപടി. ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധിതരെ സഹായിക്കാനുള്ള തുക കണ്ടെത്താനാണ് ഇതിഹാസ താരങ്ങളെ അണിനിരത്തിയുള്ള ചാരിറ്റി ക്രിക്കറ്റ് മത്സരം ക്രിക്കറ്റ് ഓസ്‌ട്രേലിയ സംഘടിപ്പിച്ചത്.